Latest NewsArticle

ശബരിമലയില്‍ ഇനി നിര്‍ണ്ണായക നിമിഷങ്ങള്‍: സന്നിധാനത്ത് എന്തിനുള്ള പുറപ്പാടിലാണ് സര്‍ക്കാര്‍ ?

ഐ.എം ദാസ്

ചിത്തിര ആട്ടവിശേഷത്തിനായാണ് തിങ്കളാഴ്ച്ച നട തുറക്കുന്നത്. ഇതോടെ ശബരിമലയുടെ നിയന്ത്രണം പൂര്‍ണമായും പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നിലയ്ക്കലിന് രണ്ട് കിലോമീറ്റര്‍ മുമ്പ് തന്നെ മാധ്യമങ്ങളെ തടഞ്ഞിരുന്നു. സുരക്ഷാക്രമീകരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. പൊലീസ് വിവിധയിടങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂര്‍ത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെ മാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. സ്ത്രീകളെ അണിനിരത്തി പ്രശ്‌നമുണ്ടാക്കാന്‍ ബിജെപിയും ആര്‍എസ്എസും ശ്രമം നടത്തുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്രയും ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

സമരക്കാര്‍ സ്ത്രീകളെങ്കില്‍ ഇടപെടാന്‍ വനിതാ പൊലീസ്

കണമല, ഇലവുങ്കല്‍, വടശേരിക്കര എന്നിവിടങ്ങളിലാണ് നിലയ്ക്കലിന് താഴെ കനത്ത പൊലീസ് കാവലുള്ളത്. വാഹനങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കടത്തിവിടുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാലേ സന്നിധാനത്ത് അതിഥി മന്ദിരം, ഡോണര്‍ ഹൗസ് എന്നിവ അനുവദിക്കുകയുള്ളു. സന്നിധാനത്ത് പ്രതിഷേധത്തിനായി താമസിക്കുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമാണ് ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്. 1200 പൊലീസുകാരെയാണ് വിവിധ ഇടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് ഇത്തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമെടുത്തിരിക്കുന്നത്. പ്രതിഷേധം ശക്തമാകാന്‍ സാധ്യതയുള്ള നിലയ്ക്കല്‍, ഇലവുങ്കല്‍ , പമ്പ , സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകളെ മുന്‍നിര്‍ത്തി സമരം നടത്താനാണ് തീരുമാനമെങ്കില്‍ അത് തടയാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് നിലവിലെ തീരുമാനം. ഇതിനായി സിഐ, എസ്‌ഐ റാങ്കിലുള്ള 50 വയസ്സ് കഴിഞ്ഞ സി.ഐ, എസ്.ഐ റാങ്കിലുള്ള 30 വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സന്നിധാനത്ത് വിന്യസിക്കും ഈ വനിതാ ഉദ്യോഗസ്ഥര്‍ ശനിയാഴ്ച വൈകിട്ട് തന്നെ നിലയ്ക്കലില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

പൊലീസുകാര്‍ക്ക് ധൈര്യം പകര്‍ന്ന് മുഖ്യമന്ത്രി

തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് സന്നിധാനത്ത് പ്രവേശിക്കാന്‍ ഭക്തര്‍ക്ക് അനുവാദം ലഭിച്ചിരിക്കുന്നത്. ഒറ്റ ദിവസത്തേക്കാണ് ഇത്രവലിയ തയ്യാറെടുപ്പ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമേ പൊലീസിന് മനോധൈര്യം കൊടുക്കാന്‍ സാക്ഷാത് മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുകയും ചെയ്തിട്ടുണ്ട്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരില്‍ പൊലീസുകാര്‍ പതറരുതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മതനിരപേക്ഷതയ്ക്ക് എതിരെ നില്‍ക്കുന്നവര്‍ പൊലീസിനെ ചേരി തിരിക്കാന്‍ ശ്രമിക്കുകയാണെന്നും പൊലീസിന്റെ ജാതിയും മതവും പൊലീസാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല സംഘര്‍ഷം നിയന്ത്രിച്ച മനോജ് എബ്രാഹാമിനെതിരെയുള്ള ആരോപണങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. ഒളിഞ്ഞും തെളിഞ്ഞും മതനിരപേക്ഷതയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ നാടിന്റെ മഹാഭൂരിപക്ഷവും മതനിരപേക്ഷതയ്‌ക്കൊപ്പം ചിന്തിക്കുന്നവരാണെന്നും പിണറായി പറഞ്ഞു. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ്. ഇത്തരം ശബ്ദങ്ങളെ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി പൊലീസ് സേനയോട് ആവശ്യപ്പെട്ടു.

ആര്‍ക്കുവേണ്ടിയാണ് ഈ തയ്യാറെടുപ്പുകള്‍

യുവതികള്‍ സന്നിധാനത്തേക്ക് എത്താത്ത സാഹചര്യത്തില്‍ വിശ്വാസികളായ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഒരു പ്രശ്‌നവും ഉണ്ടാകാന്‍ സാധ്യതയില്ലെന്നിരിക്കെ പൊലീസ് ഇത്രയും വലിയ തയ്യാറെടുപ്പ് നടത്തുന്നതെന്തിനാണെന്ന ആശങ്കയാണ് പൊതുജനങ്ങള്‍ക്ക്. അപ്പോള്‍ പ്രതിഷേധം മറികടന്ന് ആരൊക്കെയോ സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അനുമാനിക്കണം. അങ്ങനെയെത്തുന്ന യുവതികളെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളില്‍ നിന്ന് വ്യക്തമാകുന്നത്. സന്നിധാനത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്ന ആക്ടിവിസ്റ്റുകള്‍ക്കായി നിരോധനാജ്ഞ വരെ പുറപ്പെടുവിച്ചിരിക്കുയാണ് ഇവിടെ. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതും സംശയകരമാണ്. പമ്പ മുതലുള്ള കാര്യങ്ങള്‍ ലൈവ് സംപ്രേഷണത്തിലൂടെ ജനങ്ങളിലെത്തിക്കുന്ന മാധ്യമങ്ങളെ മാറ്റി നിര്‍ത്തിയാല്‍ വലിയ ഒച്ചപ്പാടില്ലാതെ യുവതികളെ സന്നിധാനത്തെത്തിക്കാം എന്നാകും പൊലീസിന്റെ പദ്ധതി.

എന്തിന് മാധ്യമങ്ങളെ വിലക്കണം

മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും സര്‍ക്കാരിന്റെ രഹസ്യ അജണ്ടകള്‍ നടപ്പാക്കേണ്ട സ്ഥലമല്ല ശബരിമലയെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന സ്ഥലമാണ് ശബരിമലയെന്നും അവിടെ മാധ്യമങ്ങളുടെ സാന്നിധ്യം ആവശ്യമാണെന്നും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.തെറ്റും ശരിയും തിരിച്ചറിയാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടാകണം. അതിന് മാധ്യമങ്ങളുടെ സാന്നിധ്യവും ഇടപെടലും വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പിണറായി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. അതേസമയം പൊലീസ് സാന്നിധ്യം തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് പന്തളം കൊട്ടാര പ്രതിനിധികളും ആശങ്കപ്പെട്ടു. പൊലീസ് വലയത്തില്‍ ശബരിമല ദര്‍ശനം നടത്തേണ്ടി വരുന്നത് ദു:ഖകരമാണെന്നും നട തുറക്കുന്ന തിങ്കളാഴ്ച്ച പന്തളം കൊട്ടാരത്തില്‍ പ്രാര്‍ത്ഥനാ യജ്ഞം നടത്തുമെന്നും കൊട്ടാരം പ്രതിനിധി പറഞ്ഞു.

സര്‍ക്കാരിന് ബലം അധികാരം, ഭക്തര്‍ക്ക് വിശ്വാസം

എന്തായാലും ചരിത്രത്തില്‍ ഇതുവരെ കാണാത്ത സംഭവ വികാസങ്ങള്‍ക്കാണ് ശബരിമല സാക്ഷ്യം വഹിക്കുന്നത്. അധികാരവും ശക്തിയും ഉപയോഗിച്ച് നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഒരു ഭാഗത്ത്. ജീവന്‍ കൊടുത്തും ശബരിമലയില്‍ ആചാരലംഘനത്തിന് അനുവദിക്കാതെ കാക്കുമെന്ന ഉറപ്പിച്ച് വിശ്വാസികള്‍ മറുഭാഗത്ത്. സായുധ വിപ്ലവത്തിനല്ല ശരണം വിളിച്ചും കലിയുഗവരദനോട് പ്രാര്‍ത്ഥിച്ചും ഈ സന്നിഗ്ധാവസ്ഥ തരണം ചെയ്യാനുള്ള ശക്തി ആര്‍ജ്ജിക്കുകയാണ് വിശ്വാസികള്‍. വിശ്വാസത്തേയും ആചാരങ്ങളേയും വെല്ലുവിളിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ സുരക്ഷാസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി ശബരിമലയില്‍ എത്താനൊരുങ്ങുകയാണ് ആക്ടിവിസ്റ്റുകളും യുക്തിവാദികളും. അവര്‍ക്ക് കുട പിടിക്കുന്ന നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും പിണറായി സര്‍ക്കാര്‍ മാറുന്നില്ല എന്നതാണ് ഭക്തരായ വിശ്വാസികളെ ചൊടിപ്പിക്കുന്നത്. എന്ത് വിലകൊടുത്തും നിയമം നടപ്പിലാക്കുമന്നെ് ജില്ലകള്‍ തോറും നടന്ന് ഉറപ്പു നല്‍കുന്ന ഒരു ഭരണാധിപന്‍ ആരുടെ താത്പര്യമാണ് സംരക്ഷിക്കുന്നതെന്ന ഉത്തരംകിട്ടാത്ത ചോദ്യമുനയിലാണ് ഇപ്പോഴും കേരളം.

shortlink

Related Articles

Post Your Comments

Related Articles


Back to top button