മേട്ടുപ്പാളയം: ദീപാവലി ആഘോഷത്തിന്റെ ആരവങ്ങള്‍ക്കായ് ഒരുങ്ങിയിരിക്കുന്ന ഇന്ത്യന്‍ ജനതയ്ക്ക് വര്‍ണ്ണങ്ങളുടെ വസന്തം തീര്‍ക്കുകയാണ് ശിരുമുഖയിലെ കൈത്തറിവസ്ത്രങ്ങള്‍. രാപ്പകലില്ലാതെ ഇഴനെയ്യുന്ന തിരക്കിലാണ് തമിഴ് നാട്ടിലെ ചെറുഗ്രാമമായ ശിരുമുഖയിലെ നെയ്ത്തുകാര്‍. പത്ത് ഗ്രാമപ്രദേശങ്ങളില്‍ നിന്നായി അയ്യായിരത്തോളം വരുന്ന നെയ്ത്തുകാര്‍ ചേര്‍ന്നാണ് ദീപാവലി ലക്ഷ്യമിട്ട് കൈത്തറി വസ്ത്രങ്ങള്‍ ഒരുക്കുന്നത്. കോട്ടണ്‍സാരികള്‍, പട്ടുസാരിയിലെ വിവിധയിനങ്ങള്‍ എന്നിവ നെയ്തെടുത്ത് തമിഴ്നാട് സര്‍ക്കാരിന്റെ സഹകരണമേഖലയിലെ സ്ഥാപനമായ കോ-ഓപ്ടെക്സില്‍ എത്തിക്കുന്നു. 18 കൈത്തറി സഹകരണസംഘമാണ് ഇവയുടെ വില്‍പ്പനയ്ക്കായ് സഹായിക്കുന്നത്.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ കൈത്തറിയില്‍ നെയ്തെടുക്കുന്ന ശിരുമുഖ കൈത്തറി വസ്ത്രങ്ങള്‍ക്ക് ആന്ധ്ര, കര്‍ണാടക, കേരള, വടക്കന്‍സംസ്ഥാനങ്ങള്‍ കൂടാതെ വിദേശത്തും പ്രിയമേറുകയാണ്. വധൂ വരന്‍മാരുടെ രൂപങ്ങള്‍ നെയ്ത മംഗല്യപ്പട്ടുകള്‍, തിരുക്കുറല്‍, കൃഷ്ണലീല, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ചിത്രപ്പണികള്‍ എന്നിവ ശിരുമുഖ സാരികളില്‍ നെയ്തു നല്‍കുന്നു.
ഈ നെയ്ത്തുകാരുടെ സ്വന്തം മോഡലുകള്‍ കൂടാതെ കോ-ഓപ്ടെക്സ് നല്‍കുന്ന പുതിയ മോഡലുകളും നെയ്ത്തുകാര്‍ മെനഞ്ഞെടുക്കുന്നു. പുതിയ സാരികള്‍ നെയ്യുന്നതിനായി പാവും ജരികയും പട്ടും നെയ്തുകാരന് സഹകരണസംഘം കൈമാറും. 50ഓളം സ്വകാര്യ കച്ചവടക്കാരും ശിരുമുഖയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തവണ കോ-ഓപ്ടെക്സ് അമ്പതോളം മോഡലുകളാണ് ശിരുമുഖയിലെ നെയ്ത്തുകാരെ ഏല്‍പ്പിച്ചിരിക്കുന്നത്. കൂടാതെ സ്വകാര്യകൈത്തറിക്കാറില്‍ നിന്ന് 400 ഓളം മോഡലുകളും നെയ്ത് വില്‍പ്പനയ്ക്കെത്തിച്ചിട്ടുണ്ട്.
Post Your Comments