Education & Career

കോസ്റ്റല്‍ വാര്‍ഡന്‍ നിയമനം: അപേക്ഷ ക്ഷണിച്ചു

തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവാക്കളില്‍നിന്ന് 200 പേരെ 14 തീരദേശ പോലീസ് സ്‌റ്റേഷനുകളില്‍ കോസ്റ്റല്‍ വാര്‍ഡന്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇതിനായി നിശ്ചിതഫോറത്തില്‍ നവംബര്‍ 15 ന് വൈകിട്ട് അഞ്ചിന് മുമ്പ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് അപേക്ഷ നേരിട്ടോ തപാല്‍മുഖേനയോ ലഭ്യമാക്കണം.

പത്താംക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയ്ക്ക് വെയ്‌റ്റേജ് മാര്‍ക്ക് ഉണ്ടായിരിക്കും. പ്രായം 2018 ജനുവരി ഒന്നിന് 18 വയസിനും 58 വയസിനും മധ്യേയായിരിക്കണം. പ്രായം കുറഞ്ഞവര്‍ക്ക് മുന്‍ഗണന.

പുരുഷന്‍മാര്‍ക്ക് കുറഞ്ഞത് 160 സെന്റീമീറ്ററും സ്ത്രീകള്‍ക്ക് 150 സെന്റിമീറ്ററും ഉയരം ആണ് ശാരീരികയോഗ്യത. കടലില്‍ നീന്താനുള്ള കഴിവ് നിര്‍ബന്ധ യോഗ്യതയാണ്. ഒരു വ്യക്തിക്ക് മാതൃജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ.

അപേക്ഷക്കൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, ഫിഷര്‍മെന്‍ സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ഇലക്ഷന്‍ ഐ.ഡി/ആധാര്‍ കാര്‍ഡ്/പാസ്‌പോര്‍ട്ട് എന്നീ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ലഭ്യമാക്കണം.

അപേക്ഷകരില്‍നിന്ന് തെരഞ്ഞെടുപ്പിനുള്ള സമയക്രമ പട്ടിക ചുവടെ ചേര്‍ക്കുംപ്രകാരമാണ്. നവംബര്‍ 24ന് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ക്കായി തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലും, 28ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകള്‍ക്കായി എറണാകുളം കലൂര്‍ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലും ഡിസംബര്‍ ഒന്നിന് മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കായി കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യൂ (എ.ആര്‍ ക്യാമ്പിലും) അഞ്ചിന് കണ്ണൂര്‍, കാസര്‍കാട് ജില്ലകള്‍ക്കായി കണ്ണൂര്‍ മങ്ങാട്ടുപറമ്പ് കെ.എ.പി 4 ബറ്റാലിയനിലുമാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴു മുതലാണ് തെരഞ്ഞെടുപ്പ്. വിശദമായ യോഗ്യതയുകളും വിജ്ഞാപനവും അപേക്ഷാഫോറവും പോലീസിന്റെ വെബ്‌സൈറ്റായ www.keralapolice.gov.in ല്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button