Latest NewsKerala

മാതാപിതാകള്‍ക്ക് ആശ്വാസം:സ്‌കൂള്‍ വാഹനങ്ങളില്‍ അത്യാധുനിക സംവിധാനങ്ങളോടെ ജിപിഎസ്

ജിപിഎസ് ഘടിപ്പിക്കുന്നതുമായി  ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സി-ഡാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. എല്ലാ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. ജിപിഎസ് ഘടിപ്പിക്കുന്നതോടെ സ്‌കൂള്‍ വാഹനങ്ങളുടെ വേഗത, പോകുന്ന റൂട്ടുകള്‍ തുടങ്ങിയ വിവരങ്ങള്‍ നമ്മുക്ക് ലഭ്യമാകും. വെബ്‌സൈറ്റിലൂടെയാണ് ഇത്തരം വിവരങ്ങള്‍ ലഭ്യമാവുക.

ജിപിഎസ് ഘടിപ്പിക്കുന്നതുമായി  ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സി-ഡാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രവര്‍ത്തനം നീരിക്ഷിക്കുന്നതിനുളള കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുക, കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം പരിശോധിക്കുക എന്നിവയാണ് സി-ഡാക്കിന്റെ ചുമതല. അതേസമയം അംഗീകാരം നല്‍കിയിട്ടുള്ള ഉപകരണങ്ങളുടെ വിവരം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്. പന്ത്രണ്ടോളം നിര്‍മ്മാതാക്കളുടെ ഉപകരണങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ക്ക് അംഗീകൃത ഡീലര്‍മാര്‍ വഴി ഇവ വിതരണം ചെയ്യാം. വില്‍പന നടത്തുന്നവര്‍ അവരുടെ പരിധിയില്‍ വരുന്ന റീജ്യണല്‍/സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ അപേക്ഷ നല്‍കേണ്ടതും ഇവര്‍ക്ക് ആവശ്യമായ പാസ് വേര്‍ഡ് സി-ഡാക് മുഖേന ലഭ്യമാക്കും. പാസ് വേര്‍ഡ് ലഭിച്ച ഡീലര്‍, ഉപകരണങ്ങള്‍, വില്‍പന നടത്തിയ വാഹനങ്ങളില്‍ ഘടിപ്പിച്ചതിനു ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റോടു കൂടി വാഹനം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അംഗീകാരം നല്‍കുന്ന മുറയ്ക്ക് ഇവയുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാക്കും.

അടിയന്തിരഘട്ടങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന പാനിക് ബട്ടണ്‍ മൂന്ന് മുതല്‍ അഞ്ച് എണ്ണം വരെ വാഹനങ്ങളില്‍ ഘടിപ്പിക്കും. ഇവ അമര്‍ത്തുമ്പോള്‍ വാഹനത്തില്‍ നിന്നുള്ള സന്ദേശം കണ്‍ട്രോള്‍ റൂമിലും ഇതിനോട് ചേര്‍ന്ന് രേഖപ്പെടുത്തിയിട്ടുളള അഞ്ച് മൊബൈല്‍ നമ്പറുകളിലും ലഭ്യമാകും. ഇതോടൊപ്പം വാഹനം ഇപ്പോള്‍ എവിടെയാണ് ഉള്ളതെന്നും മനസ്സിലാക്കാന്‍ സാധിക്കും. തുടര്‍ന്ന് അടുത്തുളള സ്‌ക്വാഡുകളെയോ പൊലീസ് സ്റ്റേഷന്‍ തുടങ്ങി പെട്ടെന്ന് സഹായം നല്‍കുവാന്‍ കഴിയുന്നവരേയോ അറിയിച്ച് അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നത് സ്‌കൂള്‍ വാഹനങ്ങള്‍ക്കായാതുകൊണ്ടാണ് ആദ്യമായി ഇവ ഘടിപ്പിക്കാന്‍ സ്‌കൂള്‍ വാഹനങ്ങള്‍ തിരഞ്ഞെടുത്തിട്ടുളളതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം പി അജിത്ത്കുമാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button