KeralaLatest News

കള്ളക്കഥകള്‍ പ്രചരിപ്പിച്ച്‌ കലാപം സൃഷ്‌ടിക്കാന്‍ ഗൂഢാലോചന- സി.പി.ഐ(എം)

തിരുവനന്തപുരം•കേരളത്തിലുടനീളം കള്ളക്കഥകള്‍ പ്രചരിപ്പിച്ച്‌ കലാപം സൃഷ്‌ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയെ ജനങ്ങള്‍ തിരിച്ചറിയണമെന്ന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

പന്തളത്തെ ശിവദാസന്റെ മരണം പോലീസ്‌ ലാത്തിച്ചാര്‍ജിന്റെ ഫലമായി ഉണ്ടായതാണെന്ന പ്രചരണമാണ്‌ ഇപ്പോള്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. അതിന്റെ പേരില്‍ പത്തനംതിട്ട ജില്ലയില്‍ ഹര്‍ത്താല്‍ നടത്തി കുഴപ്പങ്ങള്‍ സൃഷ്‌ടിക്കാനും ശ്രമിച്ചിരിക്കുകയാണ്‌. ഒരു നുണ പലതവണ ആവര്‍ത്തിച്ചാല്‍ കുറച്ചുപേരെങ്കിലും വിശ്വസിക്കുമെന്ന ഗീബല്‍സിയന്‍ പ്രയോഗമാണ്‌ ബി.ജെ.പി നടത്തുന്നത്‌. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കള്‍ തന്നെയാണ്‌ ഈ നുണ പ്രചാരവേലയ്‌ക്ക്‌ നേതൃത്വം നല്‍കുന്നത്‌. ഗുജറാത്ത്‌ വംശഹത്യയ്‌ക്ക്‌ മുമ്പ്‌ സമാനമായ പ്രചാരവേലകള്‍ അവിടെ നടത്തിയതായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. സമാനരീതിയാണ്‌ ഇപ്പോള്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമിയ്‌ക്കുന്നത്‌.

18.10.2018 ന്‌ രാവിലെ 8.30 നാണ്‌ ശിവദാസന്‍ ശബരിമല ദര്‍ശനത്തിനായി വീട്ടില്‍ നിന്ന്‌ യാത്രയായത്‌. തൊട്ടടുത്ത ദിവസം രാവിലെ 8 മണിയോടുകൂടി താന്‍ സന്നിധാനത്ത്‌ തൊഴുത്‌ നില്‍ക്കുകയാണെന്ന്‌ വീട്ടില്‍ വിളിച്ച്‌ അറിയിച്ചിട്ടുള്ളതുമാണ്‌. ഇക്കാര്യം കുടുംബാംഗങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. മാത്രമല്ല, അവര്‍ ശിവദാസന്‍ വീട്ടില്‍ എത്തിയില്ല എന്ന പരാതി പന്തളം പോലീസില്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത്‌ അന്വേഷണം നടത്തിവരികയായിരുന്നു. അതിനിടയിലാണ്‌ മൃതദേഹം കണ്ടെടുത്തത്‌. അതിനടുത്തുതന്നെ അദ്ദേഹത്തിന്റെ ഇരുചക്രവാഹനവും ഉണ്ടായിരുന്നു.

ശബരിമലയില്‍ സംഘപരിവാറിന്റെ അക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ അരങ്ങേറിയതും അയ്യപ്പഭക്തന്‍മാരെ സംരക്ഷിക്കുന്നതിനുള്ള പോലീസ്‌ ഇടപെടല്‍ ഉണ്ടായതും ഒക്‌ടോബര്‍ 16, 17 തീയ്യതികളിലാണ്‌. എന്നിട്ടും 19-ാം തീയ്യതി സന്നിധാനത്ത്‌ ഉണ്ടായിരുന്നയാള്‍ പോലീസ്‌ നടപടിയിലാണ്‌ മരണപ്പെട്ടത്‌ എന്ന കള്ളപ്രചാരവേല നടത്തി കലാപമുണ്ടാക്കാനാണ്‌ ഇപ്പോള്‍ പരിശ്രമിക്കുന്നത്‌.

ശബരിമലയെ കലാപഭൂമിയാക്കാനും രക്തം വീഴ്‌ത്തി അശുദ്ധമാക്കി നടയടപ്പിക്കാനും പദ്ധതിയിട്ട സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി സംസ്ഥാനത്ത്‌ അക്രമസംഭവങ്ങള്‍ അരങ്ങേറുകയാണ്‌. ഇരുട്ടിന്റെ മറവില്‍ തിരുവനന്തപുരത്ത്‌ എന്‍.എസ്‌.എസ്‌ കരയോഗത്തിന്‌ നേരെ നടന്ന അക്രമം അപലപനീയമാണ്‌. ഈ സംഭവത്തിലുള്‍പ്പെട്ട അക്രമികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. ഓഫീസുകള്‍ ആക്രമിച്ച്‌ അതിന്റെ ഭാഗമായുണ്ടാകുന്ന പ്രതിഷേധം സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള ഗൂഢപദ്ധതിയാണ്‌ ഇതിനുപിന്നിലുള്ളത്‌. സംസ്ഥാന സര്‍ക്കാരിനെ വലിച്ച്‌ താഴെയിടുമെന്ന അമിത്‌ഷായുടെ പ്രസ്‌താവനയെ ഈ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ കാണേണ്ടത്‌.

സംസ്ഥാനത്ത്‌ കലാപം സൃഷ്‌ടിക്കാനുള്ള സംഘപരിവാര്‍ ഗൂഢാലോചനയുടെ ഭാഗമായുള്ള ഈ അക്രമങ്ങളില്‍ സി.പി.ഐ(എം) ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ശബരിമലയുടെ പേരില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനും നാട്ടിലാകമാനം കലാപമഴിച്ചുവിടാനും സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button