പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ചെറുകിട സംരംഭകര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനും തങ്ങളുടെ സംരംഭങ്ങള്‍ പുനരാരംഭിക്കാനും വായ്പകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് സംഘടിപ്പിച്ച ജീവനോപാധി വികസന പാക്കേജ് കോണ്‍ഫറന്‍സില്‍ പ്രളയബാധിതര്‍ക്ക് ജീവനോപാധി, പുനരധിവാസ വായ്പാ പദ്ധതികള്‍-ബാങ്കുകളുടെ നടപടികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയം കൂടുതല്‍ ആഘാതം ഏല്‍പ്പിച്ച ചെറുകിട വഴിയോരക്കച്ചവടക്കാരെയും ഖാദി- കൈത്തറി മേഖലയിലെ തൊഴിലാഴികളെയും പുനരധിവസിപ്പിക്കേണ്ടതിന്റെ അടിയന്തര പ്രാധാന്യത്തെക്കുറിച്ചു വ്യവസായ മന്ത്രി ഇ .പി ജയരാജന്‍ സംസാരിച്ചു. കാര്‍ഷിക ആവശ്യങ്ങള്‍ക്കുവേണ്ടി സംസ്ഥാന – കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും പലിശയിളവുകളും കര്‍ഷകരിലേക്കുതന്നെ എത്തുന്നതിന് ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
പുതിയ വായ്പകള്‍ അനുവദിച്ചുകൊണ്ടും വായ്പകള്‍ക്ക് മോററ്റോറിയം നല്‍കിക്കൊണ്ടും പ്രളയപുനരധിവാസത്തിന് സഹകരണമേഖല കാര്യമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെങ്കിലും സഹകരണബാങ്കുകളിലെ വായ്പാ തിരിച്ചടവിനെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ടെന്ന് സഹകരണ- ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. പ്രളയത്തിന്റെ ആഘാത തീവ്രത കൂടുതല്‍ ഏല്‍ക്കേണ്ടിവന്നത് സ്ത്രീകള്‍ക്കാണ് എന്ന വസ്തുത കണക്കിലെടുത്തുകൊണ്ട് സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കുന്ന രീതിയിലുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ജീവനോപാധി പാക്കേജിലും സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതാണെന്നും ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിപ്രായപ്പെട്ടു.
ദുരന്ത നിവാരണരംഗത്തെ വിദഗ്ദ്ധരായ മിഹിര്‍ ഭട്ട്, ഡോ.റനിറ്റ് ചാറ്റര്‍ജി, മാളവിക ചൗഹാന്‍, ഭാസ്വര്‍ ബാനര്‍ജി എന്നിവര്‍ വിവിധ സംസ്ഥാനങ്ങളിലും രാജ്യാന്തര തലത്തിലുമുള്ള ദുരന്തനിവാരണ വിജയാനുഭവങ്ങള്‍ പങ്കിട്ടു സംസാരിച്ചു. നവകേരള സൃഷ്ടിക്കായി കോണ്‍ഫറന്‍സില്‍ ഉരുത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങളില്‍ പ്രായോഗികവും കാര്യക്ഷമവുമായ പദ്ധതികളെ സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരും ദേശീയ- അന്തര്‍ദേശീയ തലത്തില്‍ അക്കാദമിക രംഗത്തുള്ള പ്രമുഖരും വിവിധ തലങ്ങളിലുള്ള ജനപ്രതിനിധികളും പങ്കെടുത്തു. കോണ്‍ഫറന്‍സ് ഇന്ന് (നവംബര്‍ 2) സമാപിക്കും.
Post Your Comments