India

വിവാദ പ്രസംഗം : ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പരസ്യമായ ഖേദപ്രകടനം നടത്തണമെന്ന് സുപ്രീംകോടതി

ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പങ്കെടുത്തത്

ന്യൂദല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് നടത്തിയ വിവാദപ്രസംഗത്തിന് പരസ്യമായ ഖേദപ്രകടനം നടത്താന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് സുപ്രീംകോടതി കൊളീജീയം ആവശ്യപ്പെട്ടു. വിവാദം എന്നന്നേക്കുമായി അവസാനിപ്പിക്കാന്‍ പരസ്യ ഖേദപ്രകടനം ആവശ്യമാണെന്ന് കൊളീജിയം ശേഖര്‍ കുമാര്‍ യാദവിനോട് പറഞ്ഞെന്നാണ് വിവരം.

അതേ സമയം തന്റെ വാക്കുകള്‍ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ എടുത്തില്ലെന്ന് പൊതുവേദിയില്‍ വ്യക്തമാക്കാമെന്ന് ജസ്റ്റിസ് എസ് കെ യാദവ് സുപ്രീംകോടതി കൊളീജിയത്തെ അറിയിച്ചത്. വിവാദ പരാമര്‍ശങ്ങളെ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ശേഖര്‍ കുമാര്‍ യാദവ് തിങ്കളാഴ്ച സുപ്രീം കോടതി കൊളീജിയത്തിന് മുമ്പാകെ ഹാജരായിരുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയുടെ അഞ്ചംഗ കൊളീജീയത്തിന് മുമ്പാകെയാണ് ജസ്റ്റിസ് യാദവ് ഹാജരായത്. തന്റെ പ്രസംഗത്തിലെ ചില അടര്‍ത്തിയെടുത്താണ് മാധ്യമങ്ങള്‍ വിവാദമാക്കുകയായിരുന്നുവെന്നാണ് ശേഖര്‍ കുമാര്‍ യാദവ് കൊളിജീയത്തിന് മുമ്പാകെ വിശദീകരിച്ചത്.

എന്നാല്‍ ഈ വിശദീകരണത്തില്‍ കൊളീജിയം തൃപ്തരായിരുന്നില്ല. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് പങ്കെടുത്തത്. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം.

shortlink

Post Your Comments


Back to top button