Latest NewsKeralaNattuvarthaNewsIndia

മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണ്: തോമസ് ഐസക്

തിരുവനന്തപുരം: ഇന്ത്യയുടെ വിദേശ നയത്തെ വിമർശിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. മോദിയുടെ വിദേശനയം പൂർണ്ണമായും അമേരിക്കയ്ക്കു കീഴടങ്ങിക്കൊണ്ടുള്ളതാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത്തരമൊരു വിധേയനയം രാജ്യതാൽപ്പര്യത്തിന് അനുഗുണമല്ലായെന്നും, വിദേശനയത്തിലെ പുതിയ ചായ്‌വ് എവിടെവരെ പോകുമെന്ന് നോക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Also Read:‘പണിമുടക്കിന്റെ ദിവസത്തെ ശമ്പളം കൊടുത്തില്ലെങ്കിൽ കമ്പനിയിൽ നിന്ന് ഒരുതുള്ളി എണ്ണപോലും പുറത്തേക്ക് പോവാൻ അനുവദിക്കില്ല’

‘യുക്രെയ്ൻ യുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ലക്ഷണമാണ്. യുദ്ധം അവസാനിച്ചാലും തുടർചലനങ്ങൾ ആഗോളസമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും ഉണ്ടാവും. അപ്രതീക്ഷിതമായ ഒരു സംഭവവികാസം ഡോളറിന്റെ ലോകനാണയ പദവിക്കുനേരെ ഉയരുന്ന വെല്ലുവിളിയാണ്’, തോമസ് ഐസക് കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

യുക്രെയ്ൻ യുദ്ധം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ലക്ഷണമാണ്. യുദ്ധം അവസാനിച്ചാലും തുടർചലനങ്ങൾ ആഗോളസമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും ഉണ്ടാവും. അപ്രതീക്ഷിതമായ ഒരു സംഭവവികാസം ഡോളറിന്റെ ലോകനാണയ പദവിക്കുനേരെ ഉയരുന്ന വെല്ലുവിളിയാണ്.

പണ്ട് സ്വർണ്ണമാന വ്യവസ്ഥയാണ് നിലനിന്നിരുന്നത്. എന്നുവച്ചാൽ എല്ലാ രാജ്യങ്ങളും അവരുടെ നാണയത്തിന്റെ മൂല്യത്തെ സ്വർണ്ണവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തിയിരുന്നു. എന്നുവച്ചാൽ ആര് ചോദിച്ചാലും തങ്ങളുടെ നാണയത്തിനു പകരം നിശ്ചിത തോതിൽ സ്വർണ്ണം പകരംനൽകാനുള്ള ഉത്തരവാദിത്വം ഓരോ രാജ്യത്തിനും ഉണ്ടായിരുന്നു. രണ്ടാംലോക മഹായുദ്ധം കഴിഞ്ഞപ്പോൾ സ്വർണ്ണത്തിന്റെ സ്ഥാനം ഡോളറിനായി. അമേരിക്കയാവട്ടെ ആര് ചോദിച്ചാലും 35 ഡോളറിന് ഒരൗൺസ് സ്വർണ്ണം നൽകാമെന്ന് ഉറപ്പുനൽകി. സ്വർണ്ണത്തിനു തുല്യമായി ഡോളർ. അമേരിക്കയുടെ സാമ്പത്തികശേഷി ആർക്കും സംശയമില്ലാത്തതുകൊണ്ട് സ്വർണ്ണം ചോദിച്ച് ആരും അമേരിക്കയുടെ അടുത്ത് ചെന്നുമില്ല. അതിനുപകരം മിച്ചംവരുന്ന ഡോളർ തങ്ങളുടെ വിദേശവിനിമയ കരുതൽ ശേഖരത്തിൽ സൂക്ഷിച്ചു.

അതോടെ അമേരിക്ക സർവ്വപ്രതാപിയായി. നമ്മുടെ നാട്ടിൽ കേന്ദ്രസർക്കാരിന് നോട്ട് അടിക്കുന്നതിന് അവകാശമുള്ളതുപോലെ ആഗോളസമ്പദ്ഘടനയിൽ നോട്ടടിക്കുന്നതിനുള്ള അവകാശമാണ് അമേരിക്കയ്ക്കു കൈവന്നത്. അവർ സുലഭമായി ഡോളർ അച്ചടിച്ച് വിദേശനിക്ഷേപം നടത്തി. ചരക്കുകൾ ഇറക്കുമതി ചെയ്തു. വിദേശത്തു താവളങ്ങൾ സൃഷ്ടിച്ചു. പക്ഷെ വിയറ്റ്നാം യുദ്ധം സ്ഥിതിഗതികൾ മാറ്റിമറിച്ചു. യുദ്ധത്തിന്റെ വമ്പൻ ചെലവിനു പണം കണ്ടെത്തിയത് ഡോളർ അച്ചടിച്ചാണ്. അങ്ങനെ ഡോളർ ലഭ്യത ക്രമാതീതമായി കൂടിയപ്പോൾ പലർക്കും സംശയമായി. ശരിക്കും ഡോളർ കൊണ്ടുകൊടുത്താൽ സ്വർണ്ണം കിട്ടുമോ?

ആദ്യം വന്നവർക്കെല്ലാം അമേരിക്ക ഡോളർ വാങ്ങി സ്വർണ്ണം കൊടുത്തു. പക്ഷെ കുറച്ചുകഴിഞ്ഞപ്പോൾ അമേരിക്കയ്ക്കു മനസിലായി. ഇങ്ങനെ വരുന്നവർക്കെല്ലാം കൊടുക്കാൻ സ്വർണ്ണം ഉണ്ടാവില്ല. അങ്ങനെ 1973-ൽ നിക്സൺ ഡോളറിനു പകരം സ്വർണ്ണം കൊടുക്കാമെന്ന വ്യവസ്ഥ റദ്ദാക്കി. അതോടെ ഡോളറിന്റെ വിലയും മറ്റെല്ലാ നാണയംപോലെ ഉയരാനും താഴാനും തുടങ്ങി. എന്നാൽ അമേരിക്കയുടെ സാമ്പത്തികശേഷി അവർക്കു തുണയായി. പകരം സ്വർണ്ണം കിട്ടില്ലെങ്കിലും ഡോളറിനു പകരം വയ്ക്കാൻ മറ്റൊരു ലോകനാണയം ഉണ്ടായിരുന്നില്ല. എല്ലാ രാജ്യങ്ങളുടെയും വിദേശവിനിയമ ശേഖരം മുഖ്യമായും ഡോളറിൽ തന്നെ തുടർന്നു. ഡോളർ നാണയ വ്യവസ്ഥയായി ലോകം.

ഈ സ്ഥിതിവിശേഷത്തിനെതിരെയാണു റഷ്യ ഇപ്പോൾ കരുനീക്കുന്നത്. റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയപ്പോൾ റൂബിൾ തകർന്നു. ഫെബ്രുവരി, മാർച്ച് മാസം ആദ്യങ്ങളിൽ റൂബിളിന്റെ മൂല്യം ഡോളറിനെ അപേക്ഷിച്ച് പകുതിയിൽ താഴെയായി. എന്നാൽ പിന്നീടുള്ള ആഴ്ചകളിൽ റൂബിൾ തിരിച്ചുകയറി. മലയാളത്തിൽ ഈ പ്രതിഭാസം ആദ്യമായി ചൂണ്ടിക്കാണിച്ചത് അനീഷ് മാത്യുവാണ്. വളരെ ബോധപൂർവ്വം റഷ്യ സ്വീകരിച്ച പണനയത്തിന്റെ ഭാഗമായിട്ടാണ് അമേരിക്കൻ ഉപരോധത്തെ മറികടക്കുന്നതിന് റൂബിളിനു കഴിഞ്ഞതെന്ന് ഇന്നിപ്പോൾ വ്യക്തമാണ്.

റഷ്യ മൂന്നു നടപടികളാണു സ്വീകരിച്ചത്.

ഒന്ന്) റഷ്യയുടെ സ്വർണ്ണശേഖരം വർദ്ധിപ്പിച്ചു. നേരത്തേതന്നെ ലോകത്തേറ്റവും കൂടുതൽ വിദേശവിനിമയ ശേഖരം സ്വർണ്ണത്തിൽ സൂക്ഷിച്ചിരുന്ന രാജ്യമായിരുന്നു റഷ്യ. ഏതാണ്ട് 20 ശമതാനം. റഷ്യയിലെ ബാങ്കുകളിലുള്ള സ്വർണ്ണം മുഴുവൻ മാർക്കറ്റ് വിലയ്ക്ക് റഷ്യൻ കേന്ദ്ര ബാങ്കിലേക്കു മാറ്റി. ബാങ്കുകൾക്ക് ഇതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. കാരണം റഷ്യയിൽ നിന്നുള്ള സ്വർണ്ണം കയറ്റുമതിയും അമേരിക്ക നിരോധിച്ചിരുന്നു.

രണ്ട്) റഷ്യയിൽ നിന്ന് എന്തു വാങ്ങണമെങ്കിലും വില റൂബിളിൽ തരണമെന്നു പ്രഖ്യാപിച്ചു. അമേരിക്കൻ ഉപരോധം ഉണ്ടെങ്കിലും യൂറോപ്പിന് റഷ്യൻ എണ്ണയും ഗ്യാസും കൂടിയേതീരൂ. ഈ ഇറക്കുമതിയിൽ നിന്നും അവരുടെ സമ്പദ്ഘടനയെ മാറ്റുന്നതിന് ഇനിയും പല മാസങ്ങൾ വേണ്ടിവരും. ഇതോടെ ഈ രാജ്യങ്ങൾ റൂബിൾ കൈയ്യൊഴിയുന്നതിൽ നിന്നു പിൻവാങ്ങി. റൂബിൾ വാങ്ങാനും തുടങ്ങി. റൂബിളിന്റെ വിനിമയനിരക്ക് ഉയർന്നു.

മൂന്ന്) ഇതോടൊപ്പം മറ്റൊരു സുപ്രധാന നടപടികൂടി റഷ്യ പ്രഖ്യാപിച്ചു. ആര് റൂബിൾ കൊണ്ടുവന്നാലും 5000 റൂബിളിന് ഒരു ഗ്രാം സ്വർണ്ണംവച്ചു നൽകും. എന്നുവച്ചാൽ റഷ്യ ഫലത്തിൽ സ്വർണ്ണമാന വ്യവസ്ഥയിലേക്കു മാറി. വിദേശത്തുള്ള റൂബിളിനു നിശ്ചിതതോതിൽ പകരം സ്വർണ്ണം ലഭിക്കുമെന്ന് ഉറപ്പായതോടെ റൂബിൾ കരുതലായി ശേഖരിച്ചുവയ്ക്കുന്നതിനുള്ള ഭയംമാറി. റഷ്യയുമായി ഇടപാട് നടത്തണമെങ്കിൽ ഡോളർകൊണ്ടു കാര്യമില്ല. റൂബിൾ തന്നെ വേണം.

അമേരിക്കൻ ഡോളർ ഇതുകൊണ്ട് തകരുമെന്നൊന്നും തെറ്റിദ്ധരിക്കരുത്. പക്ഷേ ആദ്യമായി ഡോളറിനെതിരെ ഒരു ബദൽ നാണയം ഉയർത്താനാണു ശ്രമം. ചൈനയും വളരെ പിന്നോക്കം നിൽക്കുന്ന പല രാജ്യങ്ങളും വിദേശ വിനിയമ രംഗത്ത് അമേരിക്കൻ ഉപരോധത്തെ മറികടക്കാൻ തീരുമാനിച്ചാൽ അതുവലിയ ചലനങ്ങൾക്കു ഇടനൽകും.

ഇവിടെയാണ് പുതിയ ഇന്ത്യ – റഷ്യ നാണയ കരാർ പ്രസക്തമാകുന്നത്. ഡോളറും യൂറോയും ഒഴിവാക്കി റഷ്യയുമായുള്ള വ്യാപാരം റൂബിളിലും രൂപയിലും നടത്താനാണ് ധാരണയുണ്ടായിട്ടുള്ളത്. സോവിയേറ്റ് യൂണിയന്റെ കാലത്ത് ഇത്തരമൊരു രീതിയാണ് അവലംബിച്ചിരുന്നത്. അതു തിരികെ കൊണ്ടുവരാനാണ് പോകുന്നത്. മോദിയുടെ വിദേശനയം ഇതുവരെ പൂർണ്ണമായും അമേരിക്കയ്ക്കു കീഴ്വഴങ്ങിക്കൊണ്ടുള്ളതായിരുന്നു. ഇത്തരമൊരു വിധേയനയം രാജ്യതാൽപ്പര്യത്തിന് അനുഗുണമല്ലായെന്നു വ്യക്തമായിരിക്കുകയാണ്. വിദേശനയത്തിലെ പുതിയ ചായിവ് എവിടെവരെ പോകും തുടങ്ങിയ കാര്യങ്ങൾ കാത്തിരുന്നു കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button