പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവാതെ പൊലീസ്.
തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത തുടരുന്നത്. തൃത്താല പടിഞ്ഞാറങ്ങാടി മൈനോറിറ്റി കോളേജിലാണ് അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായ ചങ്ങരംകുളം സ്വദേശി അജ്മലിനെ(21) മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കോളേജില്‍ പരീക്ഷയ്ക്ക് പോയ അജ്മലിനെ കഴിഞ്ഞ ദിവസം വൈകിട്ട് മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും കോളേജ് അധികൃതരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അജ്മലിന്റെ മൃതദേഹം കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും കണ്ടെത്തുന്നത്. പരീക്ഷ നടക്കുന്നതിനാല്‍ രാവിലെ പതിനൊന്ന് മണിയോടെയാണ് അജ്മല്‍ വീട്ടില്‍നിന്ന് കോളേജിലേക്ക് തിരിച്ചത്. തുടര്‍ന്ന് പരീക്ഷയ്ക്ക് കയറിയ അജ്മല്‍ മൂന്നരമണിയോടെ പരീക്ഷാഹാള് വിട്ടു. ഇതിനുശേഷം വിദ്യാര്‍ത്ഥിയെ കാണാതാവുകയായിരുന്നു. കൂട്ടുകാര്‍ക്കും അജ്മലിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
അജ്മലിനെ രാത്രിയായിട്ടും കാണാത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കോളേജ് അധികൃതരും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ ആര്‍ക്കും അജ്മല്‍ എങ്ങോട്ട് പോയി എന്ന് അറിയാമായിരുന്നില്ല. തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും കോളേജ് അധികൃതരും രാത്രിയില്‍ കോളേജിലെത്തി പരിശോധന നടത്തിയപ്പോള്‍ പരിക്കേറ്റനിലയില്‍ അജ്മലിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
കോളേജ് കെട്ടിടത്തിന്റെ മുകളില്‍ അജ്മലിനെ കണ്ടെത്തുമ്പോള്‍ കഴുത്തില്‍ തുണികഷ്ണം കെട്ടിയനിലയില്‍ കിടക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞത്. വിദ്യാര്‍ത്ഥിയുടെ മരണം ആത്മഹത്യയാണോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തൃത്താല പൊലീസ് അറിയിച്ചു. അജ്മലിന്റെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഒരാഴ്ച മുന്‍പ് വലിയുമ്മ മരണപ്പെട്ടതിന് ശേഷം അജ്മലിനെ നിരാശനായനിലയിലാണ് കണ്ടെതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
Post Your Comments