നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കംബോഡിയന്‍ കാടുകളില്‍ താന്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലുമായി ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്ത്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടതായാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മുൻപ് ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണും ഇതേ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നു.
വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഇയാല്‍ വില്‍സണും സഹോദരനും ഇവിടെ തെരച്ചിൽ നടത്താനെത്തിയെങ്കിലും മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. വില്‍സണ്‍ വിമാനാവശിഷ്ടം കണ്ടുവെന്ന് പറയുന്നതിന് 16 കിലോമീറ്റര്‍ അകലെയാണ് ഡാനിയല്‍ ബോയര്‍ അവകാശപ്പെടുന്ന പ്രദേശം. ച്രോക്ക് ലാ ഈങ് വെള്ളച്ചാട്ടത്തിനോട് ചേര്‍ന്നാണിത്. 2014 മാര്‍ച്ച് എട്ടിനാണ് ക്വലാലംപുരില്‍നിന്ന് ബെയ്ജിംഗിലേക്ക് പോയ എംഎച്ച് 370 കാണാതായത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചിട്ടുണ്ടാകാമെന്നായിരുന്നു ആദ്യനിഗമനം.
Post Your Comments