ക്വാലാലംപൂർ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ മൗറീഷ്യസ് ദ്വീപില്‍ നിന്നും കണ്ടെത്തിയ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച് 370ന്റെയെന്ന് മലേഷ്യ സ്ഥിരീകരിച്ചു. മലേഷ്യൻ അധികൃതർ വിമാനത്തിന്റേതായി കണ്ടെത്തിയ ഒരുഭാഗം പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് അവശിഷ്ടം എംഎച്ച് 370ന്റെ തന്നെ ആണെന്ന് സ്ഥിരീകരിച്ചത്. 239 യാത്രക്കാരുമായി എംഎച്ച് 370 വിമാനം കാണാതായത് രണ്ടുവർഷം മുമ്പാണ്. ക്വാലലംപൂരിൽ നിന്ന് ബെയ്ജിംഗിലേക്കുള്ള യാത്രാമധ്യേയാണ് ബോയിംഗ് 777 വിമാനം കാണാതായത്.
കണ്ടെത്തിയത് വിമാനത്തിന്റെ ചിറകിന്റെ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോയാണ് വിശകലനം നടത്തിയത്. പരിശോധനയിൽ തെളിഞ്ഞ വിവരം മലേഷ്യൻ ഗതാഗതമന്ത്രി ലിയോ ടിയോംഗ് സ്ഥിരീകരിക്കുകയും ചെയ്തു. നേരത്തെ രണ്ടുതവണയായി കണ്ടെത്തിയ രണ്ട് അവശിഷ്ടങ്ങൾ എംഎച്ച് 370യുടെ ആണെന്ന് സ്ഥിരീകരിച്ചിരുന്നു. 2015 ജൂലൈയിലാണ് ഫ്രാൻസിലെ റീയൂണിയൻ ഐലൻഡിൽ നിന്ന് ആദ്യത്തെ അവശിഷ്ടം കണ്ടെത്തിയത്. മറ്റൊന്നു കഴിഞ്ഞ മാസം ടാൻസാനിയയിൽ നിന്നും കണ്ടെത്തിയിരുന്നു.ഓസ്‌ട്രേലിയയിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇതു മലേഷ്യൻ വിമാനത്തിന്റേതാണെന്നു വ്യക്തമായത്.
എംഎച്ച് 370 എന്നറിയപ്പെട്ടിരുന്ന 9 എം എംആർഒ വിമാനത്തിന്റേതാണ് ഈ ഭാഗങ്ങൾ എന്നു പിന്നീട് സ്ഥിരീകരിച്ചു. ഇതോടെ വിമാനം തകർന്നെന്നു വ്യക്തമായി. 2014 മാർച്ച് എട്ടിനായിരുന്നു ക്വാലാലംപൂരിൽ നിന്നു പറന്നുയർന്ന വിമാനം യാത്രാമധ്യേ അപ്രത്യക്ഷമായത്.
Post Your Comments