കൊച്ചി: ജോലി വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നേമം മുക്കുനട ശാന്തിവിള ആശുപത്രിക്കു സമീപത്തെ രജനി നിവാസില്‍ ശങ്കര്‍, ഭാര്യ രേഷ്മ എന്നിവരാണു സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. എറണാകുളം എംജി റോഡിലെ ആലപ്പാട്ട് ഹെറിറ്റേജ് എന്ന കെട്ടിടത്തില്‍ എറണാകുളം ജില്ലയിലെ വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍ കാന്പസ് ഇന്റര്‍വ്യൂ നടത്തി ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നു 1000 രൂപ വീതം തട്ടിയെടുക്കുകയായിരുന്നു. പ്രതികള്‍ വ്യാജ പേരിലാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കണ്‍സെപ്റ്റീവ് എന്നപേരില്‍ സ്ഥാപനം തുടങ്ങി ജോലി വാഗ്ദാനം ചെയ്ത് ഒഎല്‍എക്സില്‍ പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. ജോലിക്കായി ഓണ്‍ ലൈന്‍ ആക്കൗണ്ട് തുടങ്ങാനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഇത്തരത്തില്‍ പണം വാങ്ങി ഒളിവില്‍ പോകുകയായിരുന്നു. പ്രതികള്‍ തമ്മനത്തു സമാനരീതിയിലുള്ള തട്ടിപ്പിനു ശ്രമം നടത്തുന്നതിനിടയിലാണ് സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. കൂത്താട്ടുകുളത്തു 38 പേരില്‍നിന്നും ഇടത്തലയില്‍ 50 പേരില്‍നിന്നും ആരക്കുന്നത്ത് 64 പേരില്‍നിന്നും 1000 രൂപ വീതം പ്രതികള്‍ വാങ്ങി. ഇവരെ കോടതിയിൽ ഹാജരാക്കി.
Post Your Comments