സുൽത്താൻബത്തേരി: വയനാട് സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ഡൽഹി സ്വദേശി അറസ്റ്റിൽ. ഡൽഹി ജാമിയ നഗർ സ്വദേശിയായ അർഹം സിദ്ധീഖിയെ (34) യാണ് നൂൽപ്പുഴ പൊലീസിന്റെ പിടിയിലായത്, ഡൽഹിയിലെത്തിയാണ് പ്രതിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നെന്മേനി കോടതിപ്പടി സ്വദേശിനിയായ യുവതിയെയാണ് ഇയാൾ തട്ടിപ്പിന് ഇരയാക്കിയത്. ഭർത്താവിന് വിദേശത്ത് ജോലി വാങ്ങിനൽകാം എന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയിൽ നിന്നും പലതവണയായി പണം തട്ടിയെടുത്തത്.
ഈ കേസിൽ മുഖ്യപ്രതിയായ കണ്ണൂർ തലശ്ശേരി പാറാൽ സ്വദേശിയായ ബദരിയ മൻസിൽ പി പി സമീർ(46) എന്നയാളെ ഇക്കഴിഞ്ഞ ജനുവരിയിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ റിമാൻഡിൽ കഴിഞ്ഞു വരികയാണ്. ഇപ്പോൾ പിടിയിലായ അർഹം സിദ്ദീഖിയും സമീറും ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പൊലീസ് കരുതുന്നത്.
2023 മെയ്, ജൂൺ മാസങ്ങളിലായാണ് സംഭവം. ഖത്തറിൽ ജോലി ചെയ്ത് വരുന്ന യുവതിയുടെ ഭർത്താവിന് മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്താണ് സമീർ കബളിപ്പിച്ചത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പല തവണകളായി രണ്ട് ലക്ഷം രൂപയാണ് ഓൺലൈൻ ആയി അർഹം സിദ്ധീഖിയുടെ അക്കൌണ്ടിലേക്ക് അയപ്പിച്ചത്. ശേഷം ജോലി നൽകാതെയും പരാതിക്കാരുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തും കബളിപ്പിക്കുകയായിരുന്നു.
അർഹം സിദ്ധീഖിയുടെ അക്കൗണ്ടിലേക്കാണ് യുവതിയെ കൊണ്ട് സമീർ പണമയപ്പിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് രേഖകളും വിനിമയം നടത്തിയ രേഖകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അർഹം സിദ്ധീഖിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നൂൽപ്പുഴ ഇൻസ്പെക്ടർ എസ് എച്ച് ഒ അമൃത് സിങ് നായകത്തിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ കെ വി തങ്കനാണ് അന്വേഷണചുമതല. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി അഭിലാഷ്, കെ ബി തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ പി മുഹമ്മദ്, എം ഡി ലിന്റോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
Post Your Comments