ഒക്ടോബര്‍ 26 പ്രധാനമന്ത്രി റാണാള് വിക്രമസിംഗെയെ പിരിച്ചുവിട്ടതോടെ ശ്രീലങ്കയുടെ ഇതുവരെയുള്ള രാഷ്ട്രീയം പാടേ മാറുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയോടും ചൈനയോടും പുലര്‍ത്തിയിരുന്ന രാഷ്ട്രീയസന്തുലിതാവസ്ഥക്ക് ഇനിയെന്ത് പറ്റുമെന്ന ആശങ്ക ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. അട്ടിമറി രാഷ്ട്രീയമാണ് ശ്രീലങ്കയിലെ സ്ഥിതി വഷളാക്കുന്നത്. പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രധാനമന്ത്രി റിനില്‍ വിക്രമസിംഗയെ പുറത്താക്കുകയും മുന്‍ പ്രധാനമന്ത്രി മഹീന്ദ്ര രജപക്സെയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുകയുമായിരുന്നു. രജപക്സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് മാധ്യമങ്ങള്‍ പുറത്തുവിടുകയും ചെയ്തു. റെനില്‍ വിക്രമസിംഗയ്ക്ക് നല്‍കിയിരുന്ന പിന്തുണ പ്രസിഡന്റിന്റെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് പിന്‍വലിച്ചതോടെയാണ് മഹീന്ദ്ര രജപക്സെക്ക് വീണ്ടും പ്രധാന മന്ത്രി കസേരയിലെത്താനായത്. പ്രസിഡന്റും പ്രധാനമന്ത്രിയുമായി നിലനിന്നിരുന്ന കടുത്ത അഭിപ്രായ വ്യത്യാസമാണ് പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയിലെത്തിച്ചത്.
നവംബര്‍ 14 വരെ ശ്രീലങ്കന്‍ പാര്ലമൈന്റിന്റെ എല്ലാ നടപടികളും നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം ശ്രീലങ്കന്‍ പ്രസിഡന്റിന്റെ തിരക്കിട്ട നീക്കം രാജ്യാന്തരതലത്തില്‍ നിന്ന് പോലും വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ഇതോടെ തന്നെ വധിക്കാനുള്ള പദ്ധതി തയ്യാറാക്കിയതില്‍ ഒരു കാബിനറ്റ് മന്ത്രിക്കുള്ള പങ്ക് വ്യക്തമായതുകൊണ്ടാണ് വിക്രമസിംഗയെ പുറത്താക്കിയതെന്ന് പ്രസിഡന്റ് സിരിസേന രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കി. ഇത്തരത്തിലൊരു നിര്‍ണായക ഘട്ടത്തില്‍ വിക്രമസിംഗയെ പുറത്താക്കി അധികാരം മറ്റൊരാളെ ഏല്‍പ്പിക്കുക അല്ലാതെ മറ്റൊരു മാര്ഗമമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്തായാലും ഒരിടവേളക്ക് ശേഷം ലങ്കന്‍ രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നതിന്റെ വ്യക്തമായ സൂചനകളാണ് ശ്രീലങ്കയില്‍ നിന്നുണ്ടാകുന്നത്. ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാകാതെ റെനില്‍ വിക്രമസിംഗെ തുടരുന്നതും ശ്രീലങ്കയില്‍ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. ഇതിനിടെ സിരിസേന അനുകൂലികളുടെ പ്രതിഷേധത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ മന്ത്രി അര്‍ജുന രണതുംഗ അറസ്റ്റിലായി. ഊര്‍ജ്ജ മന്ത്രിയായിരുന്ന അര്‍ജുന രണതുംഗെ ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ സിരിസേനയെ അനുകൂലിക്കുന്നവര്‍ തടഞ്ഞതോടെ നടന്ന വെടിവയ്പിലാണ് മരണമുണ്ടായത്.
2005 മുതല്‍ 2015 വരെ ഒരു പതിറ്റാണ്ട് ലങ്ക അടക്കിവാണതിന്റെ അഹങ്കാരമുണ്ട് മഹീന്ദ്ര രജപക്സെയ്ക്ക്. മാത്രമല്ല എല്‍ടിടിഇ നേതാവ് വേലുപ്പിള്ളൈ പ്രഭാകരന്റെ മരണത്തോടെ 26 വര്‍ഷം നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിന് അവസാനമിട്ട നേതാവെന്ന വിശേഷണവും രജപക്സെ പ്രചരിപ്പിക്കുന്നുണ്ട്. 2015 ലാണ് റെനില്‍ വിക്രമസിംഗെയുടെ യുഎന്‍പി പിന്തുണയോടെ സിരിസേനയുടെ യുണൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സ് അധികാരത്തിലെത്തിയത്. നിലവിലെ രാഷ്ട്രീയ നീക്കങ്ങള്‍ ശ്രീലങ്കയെ പഴയപോലെ പോറലേല്ക്കപ്പെട്ട ഭരണസംവിധാനത്തിലേക്കും ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത ഭരണാധിപത്യത്തിലേക്കും നയിക്കുകയാണോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു. വിമക്രമസിംഗയെ നീക്കിയ നടപടി സര്‍ക്കാരിന്റെ ദേശീയ ഐക്യം തകര്‍ക്കുന്നത് മാത്രമല്ല ആഭ്യന്തരയുദ്ധത്തിന് ശേഷം രാജ്യത്തുണ്ടായ ജനാധിപത്യപാഠങ്ങളെ ഇല്ലാതാക്കുന്നതുകൂടിയാണ്. രാഷ്ട്രീയ അസ്ഥിരതയുടെ അടിയന്തിര അപകടങ്ങള്‍ ഭരണഘടനാപരമായ പ്രതിസന്ധിയുടെ ആഘാതം കൂട്ടുന്നതാണ്. പ്രധാനമന്ത്രിയെ മാറ്റേണ്ടത് പ്രസിഡന്റല്ല പാര്‍ലമെന്റാണെന്നാണ് വിക്രമസിംഗെ ചൂണ്ടിക്കാണിക്കുന്നത്. 225 അംഗം പാര്‍ലമെന്റില്‍ യുഎന്‍പിക്ക് അംഗബലം ഉള്ളപ്പോള്‍ അതെങ്ങനെ സാധ്യമാകുമെന്നും അദ്ദേഹം ചോദിക്കുന്നു. ഫെബ്രുവരിയില്‍ നടന്ന പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ സഖ്യം പരാജയപ്പെട്ടതിനു ശേഷമാണ് പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധം വഷളായത്.
ലങ്കന്‍ രാഷ്ട്രീയം ഇങ്ങനെ കലങ്ങിമറിയുമ്പോള്‍ ലങ്കയിലെ അടിസ്ഥാന വികസന പദ്ധതികള്‍ ലഭിക്കാനായി ഇന്ത്യന്‍ കമ്പനികളും ചൈനീസ് കമ്പനികളും മത്സരിക്കുന്നുണ്ട്. അതേസമയം ഇന്ത്യന്‍ കമ്പനികളുമായുള്ള പദ്ധതികള്‍ വേഗത്തിലാക്കുമെന്ന് വിക്രമസിംഗെ നല്കിയ ഉറപ്പിനോട് പ്രസിഡന്റ് സിരിസേന അത്ര താത്പര്യം കാണിച്ചിരുന്നില്ല. രജപക്സെയെ പ്രധാനമന്ത്രിയാക്കി തന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാമെന്നാണ് സിരിസേന കരുതുന്നതെങ്കില്‍ അത് മണ്ടത്തരമായിരുന്നെന്ന് അദ്ദേഹത്തിന് അധികം താമസിയാതെ മനസിലാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സിരിസേനയെക്കാള് പരുക്കനും ഏകാധിപതിയുമാണ് രജപക്സെ, വിക്രമസിംഗെയെ തോല്‍പ്പിക്കാന്‍ രജരപക്സെയ കൂട്ടുപിടിച്ചത് അബദ്ധമായെന്ന് സിരിസേന മനസിലാക്കാന്‍ പോകുന്നതേയുള്ളു.
ചൈനയോട് രജപക്സെ കാണിച്ചിരുന്ന പ്രത്യേക താത്പര്യം 2015 ലെ തെരഞ്ഞെടുപ്പില്‍ എടുത്തുകാട്ടപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. രജപക്സെയുടെ തിരിച്ചുവരവില്‍ ആശങ്കപ്പെടേണ്ടത് രാജ്യത്തിന്റെ വാണിജ്യം, വിദേശ നയം. ആഭ്യന്തര സുരക്ഷ തുടങ്ങിയവയിലാണ്. എല്‍ടിടിഇ യോട് കാണിച്ച മനുഷ്യത്വ രഹിതമായ സൈനിക നടപടികളുടെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളുടെ രൂക്ഷമായ വിമര്‍ശനത്തിനും സാമ്പത്തിക ഉപരോധത്തിനും രജപക്സെ മുമ്പ് തന്നെ പാത്രമായിട്ടുണ്ട്.. ചൈനയാകട്ടെ നിലവില്‍ നിഷ്പക്ഷ നിലപാട് സ്വീകരിച്ച് മുഖം രക്ഷിക്കാനൊരുങ്ങുന്ന തിരക്കിലാണ്. നിലവിലെ സാഹചര്യത്തില്‍ ലങ്കന്‍ രാഷ്ട്രീയം ഏങ്ങോട്ടാണെന്നും രാജ്യത്തെ സ്ഥിതി എന്താകുമെന്നും പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് രാഷ്ട്രീയ നിരീക്ഷകരും.
Post Your Comments