KeralaLatest News

രഥയാത്ര കലാപത്തിനുള്ള ആസൂത്രിത നീക്കമെന്ന് എല്‍.ഡി.എഫ് 

തിരുവനന്തപുരം•ശബരിമലയിലേക്ക്‌ ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്ന രഥയാത്ര കേരളത്തിലെ നിയമവാഴ്‌ച തകര്‍ക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് എല്‍.ഡി.എഫ്. ബാബറി മസ്‌ജിദ്‌ തകര്‍ക്കുന്നതിന്‌ മുന്നോടിയായി എല്‍.കെ.അദ്വാനിയുടെ നേതൃത്വത്തില്‍ നടത്തിയ രഥയാത്രയിലെ ഭീകരത കേരളത്തിലും ആവര്‍ത്തിക്കാനാണ്‌ ബി.ജെ.പി ലക്ഷ്യമിടുന്നത്‌. അദ്വാനിയുടെ രഥയാത്ര ബാബറി മസ്‌ജിദിന്റെ തകര്‍ച്ചയ്‌ക്കും രാജ്യത്താകെ വര്‍ഗ്ഗീയ കലാപത്തിനും വഴിതെളിച്ചെങ്കില്‍ ശബരിമല പ്രശ്‌നത്തില്‍ ബി.ജെ.പി ഇവിടെ നടത്തുന്ന രഥയാത്ര മതേതര കേരളത്തെ തകര്‍ക്കാനാണ്‌. വര്‍ഗ്ഗീയ താണ്‌ഡവം നടത്താനാണ്‌ സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന്‌ ഇതിനകം വ്യക്തമായി കഴിഞ്ഞുവെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഏത്‌ വിധേനയും സംസ്ഥാനത്ത്‌ കലാപം പടര്‍ത്തണമെന്നാണ്‌ അമിത്‌ഷായുടെ നിര്‍ദേശം. കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ കൊലവിളി ഇതിന്‌ തെളിവാണ്‌. നിയമസമാധാനം തകര്‍ക്കുകയും അതുവഴി കേന്ദ്ര ഇടപെടലിന്‌ അവസരം ഒരുക്കുകയുമാണ്‌ ബി.ജെ.പി ലക്ഷ്യമിടുന്നത്‌. അമിത്‌ ഷായുടെ സാന്നിധ്യത്തിലാണ്‌ കാസര്‍ഗോഡ്‌ മുതല്‍ ശബരിമല വരെ രഥയാത്ര ബി.ജെ.പി ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. ജനാധിപത്യ വിരുദ്ധ മാര്‍ഗ്ഗത്തിലൂടെ സംസ്‌ഥാന സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന ആയുധമായാണ്‌ രഥയാത്രയെ കാണേണ്ടത്‌. മുമ്പ്‌ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജാഥ ജനങ്ങള്‍ തള്ളിക്കളഞ്ഞ കാര്യം ബി.ജെ.പി ഓര്‍ക്കുന്നത്‌ നന്നായിരിക്കും. ജനാധിപത്യ മൂല്യങ്ങളില്‍ അര്‍പ്പിതമായിട്ടുള്ള സമൂഹത്തിന്‌ ഇത്‌ അംഗീകരിക്കാനാകില്ല.

ശബരിമല സ്‌ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ മാത്രമേ സര്‍ക്കാരിന്‌ കഴിയൂ. വിധി സംബന്ധിച്ച പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി ഈ മാസം 13ന്‌ പരിഗണിക്കാനിരിക്കുകയാണ്‌. കോടതിയുടെ പുനഃപരിശോധനയിലിരിക്കുന്ന വിഷയത്തില്‍ ക്രമസമാധാനം തകര്‍ക്കാനുളള സമരമാര്‍ഗ്ഗം അവലംബിക്കുന്നത്‌ അപലപനീയമാണ്‌. സംസ്‌ഥാനത്തെ കലാപത്തിലേക്ക്‌ തള്ളിവിടാനുള്ള രഥയാത്രാ നീക്കത്തില്‍ നിന്നും ബി.ജെ.പി പിന്തിരിയുകയാണ്‌ വേണ്ടതെന്നും വിജയരാഘവന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button