കോഴിക്കോട്•ഭക്തരെ കള്ളക്കേസില്‍ കുടുക്കാനായി ഡി.ജി.പി ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതുപോലെ ശബരിമലയില്‍ അക്രമം നടത്തിയ പോലീസുകാരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. ഡി.ജി.പി പുറത്തുവിട്ട ലുക്കൗട്ട് നോട്ടീസില്‍ പൊലീസുകാരന്‍ ഉള്‍പ്പെട്ടതോടെ ശബരിമലയില്‍ പൊലീസ് നടത്തിയ കള്ളക്കളി ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
യൂണിഫോമില്‍ പേരുപോലും ഇല്ലാത്ത പൊലീസുകാരാണ് നിലയ്ക്കലില്‍ ഉണ്ടായിരുന്നത്. ഭക്തര്‍ക്കിടയിലേക്കെത്തിയ സിവില്‍ ഡ്രസ് ധരിച്ച പൊലീസുകാരാണ് അക്രമം നടത്തിയതെന്നും രമേശ് ആരോപിച്ചു. സമാധാനപരമായി നിലയ്ക്കലില്‍ സമരം ചെയ്ത സ്ത്രീകളുടെ സമരപ്പന്തലിന് പിറകില്‍ നിന്ന് കല്ലെറിഞ്ഞതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീംകോടതി വിധി ലംഘിച്ചെന്ന പേരിലാണ് ഭക്തര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോടതിയലക്ഷ്യം കാണിച്ചത് ഐ.ജി ഉള്‍പ്പെടെയുള്ള പൊലീസുകാരാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തില്‍ പെട്ട വിശ്വാസികളായ യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശനം അനുവദിച്ചിട്ടുള്ളത്. അഹിന്ദുവായ യുവതിയെ 200 പൊലീസുകാരുടെ അകമ്പടിയോടെ ശബരിമലയില്‍ എത്തിച്ചത് കോടതി അലക്ഷ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments