Latest NewsKeralaIndia

സുകുമാരൻ നായർ ഇടഞ്ഞതോടെ എൻ എസ് എസിനെതിരെയും പോലീസ്, ആയിരത്തോളം പേർക്കെതിരെ കേസ്

ആറ്റിങ്ങൽ∙ എൻഎസ്എസ് ചിറയിൻകീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ നടന്ന ശരണമന്ത്ര നാമജപ ഘോഷയാത്രയിൽ പങ്കെടുത്ത ആയിരത്തോളം പേർക്കെതിരെ കേസ്. ശബരിമല വിഷയത്തില്‍ 2,000 പേരെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് അടിയന്തിരാവസ്ഥയ്ക്ക് തുല്യമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നിലപാടുകള്‍ അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനെ തുടർന്നാണ് എൻ എസ് എസ് പ്രവർത്തകർക്കെതിരെയും കേസെടുത്തതെന്നാണ് ആരോപണം. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും ശബരിമല വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ സ്വീകരിക്കുന്ന നിലപാടുകൾക്കു പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 20നു വൈകിട്ടായിരുന്നു യൂണിയൻ ഓഫിസിനു മുന്നിൽനിന്നു വീരളം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കു യൂണിയൻ പ്രസിഡന്റ് ജി.മധുസൂദനൻപിള്ളയുടെ നേതൃത്വത്തിൽ നാമജപയാത്ര നടത്തിയത്.

നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നുകാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അധാര്‍മ്മികവും ജനാധിപത്യവിരുദ്ധവുമാണന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പേരിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത് എന്നാണ് സര്‍ക്കാര്‍നിലപാട്.

വിശ്വാസവും ആചാരാനുഷ്ഠാനവും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ, കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ലന്നും അതിന് ദേവസ്വം ബോര്‍ഡിനെ അനുവദിക്കുന്നില്ലന്നും കുറ്റപ്പെടുത്തുന്നു. പന്തളം കൊട്ടാരത്തെയും അതിന്റെ അവകാശികളെയും തന്ത്രിപ്രമുഖരെയും മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിച്ചത് കോടിക്കണക്കിനുള്ള വിശ്വാസികളുടെ മനസിന് മുറിവേല്പിച്ചുവെന്നും പറയുന്നു.

ഇത്തരം നടപടി ഒരു ജനാധിപത്യസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗ്ഗത്തിലും ഈ വിഷയത്തില്‍ പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുന്നു.31ന് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പതാകാദിനമാണ്.

സംസ്ഥാനമൊട്ടാകെ കരയോഗതലത്തില്‍ പതാക ഉയര്‍ത്തിയതിനുശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും കരയോഗമന്ദിരത്തില്‍ ശ്രീഅയ്യപ്പന്റെ ചിത്രത്തിനു മുൻപില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണനാമജപവും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണന്നും ഇതിനുള്ള സര്‍ക്കുലര്‍ കരയോഗങ്ങള്‍ക്ക് അയച്ചു കഴിഞ്ഞതായും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button