ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ കാന്‍സര്‍ ബാധിതനാണെന്ന് തുറന്ന് പറഞ്ഞ് സര്‍ക്കാര്‍. ആരോഗ്യമന്ത്രി വിശ്വജിത് റാണേയാണ് ഇക്കാര്യം ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിവാക്കിയത്.
പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നും റാണേ വ്യക്തമാക്കി. പരീക്കര്‍ ഗോവയുടെ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം രോഗബാധിതനാണെന്ന കാര്യം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചികിത്സക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രിയെ വിശ്രമിക്കാന്‍ അനുവദിക്കുകയാണ് വേണ്ടതെന്നും ജനങ്ങളെ ദീര്‍ഘനാളായി സേവിച്ചതിന് ശേഷം കുടുംബത്തോടൊപ്പം അദ്ദേഹം കുറച്ചുനാള്‍ കഴിയട്ടെ എന്നും വിശ്വജിത് റാണെ പറഞ്ഞു. എന്നാല്‍ പരീക്കര്‍ ഓഫീസില്‍ എത്താത്തത് ഭരണകാര്യങ്ങളില്‍ ഒരു തടസവും ഉണ്ടാക്കുന്നില്ലെന്നും പുതിയ പദ്ധതികള്‍ പോലും തുടങ്ങുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം കൂടി മുഖ്യമന്ത്രിയോട് താന്‍ സംസാരിച്ചിരുന്നെന്നും റാണെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ആരോഗ്യനില വെളിപ്പെടുത്തണമൈന്നും പതിവായി ഹെല്‍ത്ത് ബുള്ളറ്റിന് പുറത്തിറക്കണമെന്നും കോണ്‍ഗ്രസ് നിരന്തരം ആവശ്യപ്പെടുന്നതിനിടെയായിരുന്നു മന്ത്രിസഭയിലെ അംഗം തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. അതേസമയം പരീക്കറിന്റെ സ്ഥാനത്തേക്ക് യോഗ്യനായ മറ്റൊരാളെ ബിജെപി ആലോചിച്ചുവരികയാണെന്നും റിപ്പോര്‍ട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങള്‍ കാരണം പരീക്കറിന് മുഖ്യമന്ത്രിസ്ഥാനത്ത് അധികം തുടരാനാകില്ലെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
Post Your Comments