ദീപങ്ങളുടെ ആഘോഷമായ ദീപാവലി എല്ലാവരും മതിയാവോളം ആസ്വദിക്കുമ്പോള്‍ അതിനു കഴിയാതെ ഓര്‍മകളിലെ ദീപാവലി കണ്ട് കണ്ണുനീരിലേക്ക് ആഴ്ന്നു പോകുന്ന ഒരു വിഭാഗമുണ്ട്. വിധവകള്‍. വിധവകള്‍ ദീപാവലി ആഘോഷിക്കാന്‍ പാടില്ല എന്നതാണ് ആചാരം. എന്നാല്‍ രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 400 വര്‍ഷത്തോളം പഴക്കമുള്ള വൃന്ദാവനിലെ പുണ്യ പുരാതനമായ രാധാകൃഷ്ണ ക്ഷേത്രത്തില്‍ വെച്ച് ചരിത്രത്തില്‍ ആദ്യമായി വിധവകള്‍ ദീപാവലി ആഘോഷിച്ചിരുന്നു. ആചാരങ്ങളും സാമൂഹ്യ ഭ്രഷ്ടും ലംഘിച്ചുകൊണ്ട് ആയിരക്കണക്കിനു വിധവകളാണ് അന്ന് നൂറ്റാണ്ടുകളായി പഴക്കമുള്ള വൃന്ദാവനിലെ ഗോപിനാഥ് ക്ഷേത്രത്തില്‍ ദീപാവലിക്കായി ഒത്തുചേര്‍ന്നത്.
യമുനാതീരത്തുകൂടെ ഘോഷയാത്രക്കായി കൈയില്‍ മെഴുകുതിരിയും മണ്‍പാത്ര ദീപങ്ങളും ഏന്തി തൂവെള്ള ചേലയും ചുറ്റി വരിയായി നടന്നു നീങ്ങിയ സ്ത്രീകള്‍ എല്ലാവരിലും കൗതുകത്തോടൊപ്പം ഒരു പുതുപ്രതീഷ കൂടെയാണ് അന്ന് സൃഷ്ടിച്ചത്. വിധവകളായതിനു ശേഷം കുടുംബത്തിന് ഒരു ബാധ്യതയായി മാറാതെ വിവിധ ആശ്രമങ്ങളിലായി താമസിക്കുന്ന സ്ത്രീകള്‍ ഡോ. ബിന്ദേശ്വര്‍ പതക്കിന്റെ നേതൃത്വത്തില്‍ നാല് ദിവസമാണ് ദീപാവലി ആഘോഷിച്ചത്. പ്രശസ്തനായ സാമൂഹ്യ പരിഷ്‌കര്‍ത്തവും സുലഭ് പ്രസ്ഥാനത്തിന്റെ മാര്‍ഗ നിര്‍ദ്ദേശിയും കൂടിയായ ബിന്ദേശ്വര്‍ വിധവകളായ സ്ത്രീകള്‍ക്ക് അവരുടെ ജീവിതസായന്തനത്തില്‍ അല്പം സന്തോഷം പകരുകയാണ് താന്‍ ഇത്തരം ഒരു മുന്നേറ്റത്തിലൂടെ ആഗ്രഹിച്ചത് എന്ന് വ്യക്തമാക്കി.
വൃന്ദാവനിലെ പുണ്യ സ്ഥലത്ത് താമസിക്കുന്ന വൃദ്ധരായ വിധവകളെ കൂടി ഉള്‍പ്പെടുത്തിയാണ് വാരണാസിയിലെ വിധവകള്‍ അന്ന് ദീപാവലി ആഘോഷിച്ചത്. പശ്ചിമബംഗാളിലും ഡല്‍ഹിയിലും ദസ്ഹറ സമയത്ത് സന്ദര്‍ശനം നടത്തുന്നതിനോടൊപ്പം ഹോളി ആഘോഷങ്ങളും സുലഭ് പ്രസ്ഥാനം വിധവകള്‍ക്കായി സംഘടിപ്പിക്കാറുണ്ട്. അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് പുറമെ ചികിത്സാ സഹായങ്ങളും തൊഴില്‍ പരീശീലനങ്ങളും നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭര്‍ത്താവിന്റെ മരണത്തോടെ ഒറ്റപ്പെട്ട് ജീവിതത്തിലെ പ്രതീക്ഷകള്‍ നശിച്ചു പോകുന്ന സ്ത്രീകള്‍ വീടുകളിലോ ആശ്രമാണലോ ആയി നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കൂടുന്ന കാഴ്ച സര്‍വ്വസാധാരണമായിരിക്കുന്ന അവസരത്തിലാണ് അവരെ സമൂഹത്തിന്റെ മുന്‍പിലേക്ക് കൊണ്ടുവരാന്‍ ഇത്തരം മുന്നേറ്റങ്ങളിലൂടെ ബിന്ദേശ്വര്‍ ശ്രമിക്കുന്നത്. നല്ല മാറ്റങ്ങളെ അംഗീകരിക്കുന്ന സമൂഹത്തില്‍ ഇത്തരം മുന്നേറ്റങ്ങള്‍ എന്നും സംഭവിക്കട്ടെ.
Post Your Comments