കണ്ണൂരിലെ മണ്ണില്‍ നിന്ന് സര്‍ക്കാരിനെ വെല്ലുവിളിച്ച് ഷാ
ലോകശ്രദ്ധ പിടിച്ചുപറ്റിയ ശബരിമല പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമുന്നത നേതാവ് കേരളത്തിലെത്തുന്നത്. സ്ത്രീ പ്രവേശവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കി സജീവമായി നില്‍ക്കുന്ന ബിജെപി നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ സാന്നിധ്യം നല്‍കിയ ആവേശം ചെറുതല്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുക മാത്രമല്ല സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിലെത്തി പിണറായി സര്‍ക്കാരിന് ശക്തമായ മുന്നറിയിപ്പ് നല്‍കുകകൂടിയാണ് അമിത് ഷാ ചെയ്തിരിക്കുന്നത്. ശബരിമലവിഷയത്തില്‍ സംസ്ഥാനനേതൃത്വം സ്വീകരിച്ചിരിക്കുന്ന നിലപാടിന് ശക്തമായ പിന്തുണയാണ് കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്നത്. അതേസമയം പ്രശ്നത്തില്‍ സമാന നിലപാട് സ്വീകരിച്ചിരിക്കുന്ന കോണ്‍ഗ്രസിന് എഐസിസിയുടെ പൂര്‍ണ പിന്തുണയില്ലെന്നതും ശ്രദ്ധേയമാണ്.
ശബരിമല വിഷയത്തില്‍ ശക്തമായ ഭാഷയിലായിരുന്നു അമിത് ഷായുടെ വിമര്‍ശനം. ശരണം വിളിച്ച് പ്രസംഗം തുടങ്ങിയ അമിത് ഷാ അണികളെക്കൊണ്ടും അതേറ്റ് വിളിപ്പിച്ചു. ബിജെപിയുടെ ദേശീയ ശക്തി മുഴുവന്‍ ഭക്തര്‍ക്കൊപ്പം നില്‍ക്കുമെന്നും സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി. കോടതികള്‍ അപ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പിന്‍മാറണം. സ്ത്രീപുരുഷ സമത്വം ക്ഷേത്രദര്‍ശനത്തിലൂടെയല്ല നടപ്പാക്കേണ്ടതെന്നും അദ്ദേഹം വിമര്‍ശിച്ചു. പ്രതിഷേധത്തില്‍ പങ്കെടുത്ത ഭക്തരെ തേടിപ്പിടിച്ച് അറസ്റ്റ് ചെയ്യുന്ന പൊലീസിന്റെ ശൈലിയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കേരളത്തില്‍ അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്നും അയ്യപ്പഭക്തര്‍ക്കൊപ്പം രാജ്യമാകെ അണിനിരക്കുമെന്നും അമിത് ഷാ പറഞ്ഞു. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണെന്നും ആയിരക്കണക്കിന് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകരെ ജയിലിലടച്ചത് എന്തിന് വേണ്ടിയാണെന്നും ഷാ ചോദിച്ചു.
ശബരിമല പ്രതിഷേധം കേന്ദ്രത്തിന്റെ കയ്യിലേക്കോ
ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പോകാമെന്ന സുപ്രീംകോടതിയെ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു ആദ്യം ബിജെപിയും. എന്നാല്‍ പാര്‍ട്ടി കണക്കുകൂട്ടിയതിനപ്പുറം കാര്യങ്ങള്‍ പോകുകയും ജാതി മത രാഷ്ട്രീയത്തിന് അതീതമായ കൂട്ടായ്മ ഇക്കാര്യത്തില്‍ ഉണ്ടാകകുകയും ചെയ്തപ്പോള്‍ സ്ത്രീ പ്രവേശത്തെ എതിര്‍ക്കുന്ന വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്ന നിലപാടിലേക്ക് പാര്‍ട്ടി കടക്കുകയായിരുന്നു. ആദ്യം വിധി സ്വാഗതം ചെയ്ത കെ സുരേന്ദ്രനെപ്പോലുള്ള കേരളത്തിലെ നേതാക്കളും പിന്നീട് വിശ്വാസത്തിന്റെ പക്ഷത്തേക്ക് ചുവട് മാറ്റുകയായിരുന്നു. എന്തായാലും സംസ്ഥാനത്തെ പ്രതിഷേധം കേന്ദ്രം ഏറ്റെടുക്കുന്നു എന്ന വ്യക്തമായ സൂചനയാണ് അമിത് ഷായുടെ പ്രസംഗത്തിലുണ്ടായിരുന്നത്. ആയിരമോ രണ്ടായിരമോ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഇറക്കി സമരം തടയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ രാജ്യം മുഴുവന്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പും ബിജെപി ദേശീയ അധ്യക്ഷന്‍ നല്‍കി. മണ്ഡല മകരവിളക്ക് കാലത്തും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പ്രക്ഷോഭത്തിന് പുതിയ മാനങ്ങളുണ്ടാകുമെന്ന് വേണം അമിത്ഷായുടെ വാക്കുകളില്‍ നിന്ന് മനസിലാക്കാന്‍. സുപ്രീംകോടതിയുടെ എല്ലാ വിധികളും നടപ്പിലാക്കപ്പെടുന്നില്ല എന്ന കാര്യവും പ്രസംഗത്തില്‍ ഷാ ഓര്‍മിപ്പിച്ചതോടെ ഇക്കാര്യത്തില്‍ കേന്ദ്രഇടപെടലിനുള്ള സാധ്യത കൂടി കണക്കാക്കാം.
ഷായെ കണ്ടില്ലെന്ന് നടിക്കാനാകുമോ പിണറായിക്ക്
സിപിഎമ്മിന്റെ കോട്ടയില്‍ നിന്ന് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ തിരക്കു കൂട്ടുന്ന സര്‍ക്കാര്‍ കേള്‍ക്കാന്‍ അമിത് ഷാ ചോദിച്ച മറ്റൊരു ചോദ്യം കൂടിയുണ്ട്. ഒരു മൗലികാവകാശം സംരക്ഷിക്കാന്‍ മറ്റൊരു മൗലികാവകാശം ഹനിക്കണമെന്ന് പറയാന്‍ കോടതിക്ക് എങ്ങനെ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ജീവന്‍പോയാലും ശബരിമലയിലെ ആചാരലംഘനം അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് നില്‍ക്കുന്ന കേരളത്തിലെ നൂറുകണക്കിന് അനുയായികള്‍ക്ക് അമിത് ഷാ എന്ന രാഷ്ട്രീയചാണക്യന്റെ വാക്കും പിന്തുണയും നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജ്ജവും കണ്ടില്ലെന്ന് നടിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിയുമോ എന്നതാണ് അടുത്ത ചോദ്യം. കോടതി വിധി നടപ്പിലാക്കുക എന്നത് ഉത്തരവാദിത്തമാണെന്ന് ചൂണ്ടിക്കാട്ടി ഇറങ്ങുന്ന പിണറായി സര്‍ക്കാര്‍ അവസാനം ജാതിയും മതവും സവര്‍ണമേധാവിത്വവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കുത്തിത്തിരുകി നില വഷളാക്കി മാധ്യമങ്ങളുടെ പോലും വിമര്‍ശനം ഏറ്റുവാങ്ങുകയാണ്.
ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ബിജെപി
എന്തായാലും ദക്ഷിണേന്ത്യന്‍ മണ്ണില്‍ കാവിക്കൊടിക്ക് വളക്കൂറില്ലെന്ന ബിജെപിയുടെ സങ്കടമാണ് ശബരിമല വിഷയത്തോടെ അവസാനിക്കുന്നത്. ആചാരവും അനുഷ്ഠാനങ്ങളും ലംഘിക്കപ്പെടുമ്പോള്‍ വിശ്വസിച്ച സംസ്‌കാരത്തെ ചോദ്യം ചെയ്യുന്നവര്‍ ഭരിക്കുമ്പോള്‍ വ്രണിതരായ ഒരു ജനത തങ്ങളുടെ വിശ്വാസത്തോടൊപ്പം നില്‍ക്കുന്നവരെയാകും അംഗീകരിക്കുക. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ചവിട്ടി നില്‍ക്കാന്‍ ഒരു തുണ്ട് മണ്ണ് പോലുമില്ലാതിരുന്ന ബിജെപി വളരുന്നത് സിപിഎമ്മിന്റെ കണ്‍മുന്നിലാണ്. പഞ്ചായത്തുകളും കോര്‍പ്പറേഷനുകളിലും സാന്നിധ്യമുറപ്പിച്ച് അവസാനം നിയമസഭയില്‍ വരെ എത്തിക്കഴിഞ്ഞു ബിജെപി. ഒരു എംഎല്‍എഎ ഇനി എത്രയായി വളരുമെന്ന കണക്കുകളാണ് ബിജെപി തയ്യാറാക്കുന്നത്. ഇതൊക്കെ കണ്ട ഇടത് പാര്‍ട്ടികള്‍ എന്ത് കുതന്ത്രം ഉപയോഗിച്ചും അതിന് തടയിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ശബരിമല പ്രശ്നമെത്തുന്നത്.
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ കൊക്കൊണ്ട ഓരോ നിലപാടും ബിജെപിക്ക് എത്രമാത്രം സഹായകമായി എന്നത് സമീപഭാവിയില്‍ തന്നെ അവര്‍ തിരിച്ചറിയും. ഒന്നുമില്ലായ്മയില്‍ നിന്ന് പാര്‍ട്ടിയെ പന പോലെ വളര്‍ത്തിയ നേതാവാണ് അമിത് ഷാ. കളമറിഞ്ഞ് കഴിക്കുന്നതില്‍ അദ്ദേഹത്തോളം വൈദഗ്ധ്യം ഇന്ന് മറ്റൊരു നേതാവിനുമുണ്ടാകില്ല. ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടം കൂടിയാണിത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള ഇക്കാര്യത്തില്‍ അമിത് ഷായുടെ ബുദ്ധിക്കനുസരിച്ചാകും തീരുമാനം. എന്തായാലും ബിജെപിയെ ഭയക്കുന്നവര്‍ സൂക്ഷിക്കുക, ഒന്നും കാണാതെയല്ല ഷാ കേരളത്തിലെത്തിയിരിക്കുന്നത്. വെറുതേയല്ല ശബരിമല വിഷയത്തില്‍ പ്രതിഷേധക്കാര്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ നല്‍കിയത്.
Post Your Comments