ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഈ മാസം 28, 29 തീയതികളില്‍ ഖത്തറിലും 30, 31 തീയതികളില്‍ കുവൈത്തിലും സന്ദര്‍ശനം നടത്തും. ഊര്‍ജ സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നിവയ്ക്കാണു സുഷമ സ്വരാജിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ പരിഗണന നല്‍കുന്നത്. പരമ്പരാഗതമായി ഖത്തറും ഇന്ത്യയും അടുത്ത സൗഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളാണ്. ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറില്‍ പ്രവാസികളായുള്ളത്. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹവും ഇന്ത്യക്കാരാണ്.
ഊര്‍ജത്തിന്റെ കാര്യത്തില്‍ വിശ്വസ്ത പങ്കാളികളായ രാജ്യങ്ങളാണു ഖത്തറും ഇന്ത്യയും. 2022ലെ ലോകകപ്പ് ഫുട്ബോളുമായി ബന്ധപ്പെട്ട നിര്‍മാണ പദ്ധതികളില്‍ ഒട്ടേറെ ഇന്ത്യന്‍ കമ്പനികള്‍ സഹകരിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളുള്‍പ്പെടെ സുഷമ സ്വരാജിന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചാവിഷയമാവും. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തും. ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിയുമായും കൂടിക്കാഴ്ചയുണ്ട്. കുവൈത്തില്‍ അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹുമായും വിദേശകാര്യ മന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദ് അല്‍ സബാഹുമായും സുഷമ ചര്‍ച്ച നടത്തും.
Post Your Comments