Latest NewsKerala

‘ശരീരം വില്‍ക്കാതെ ഇനി വഴിയില്ല’; കൊച്ചി മെട്രോ പുറത്താക്കിയ രഞ്ജുവിന്റെ വാക്കുകള്‍

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകള്‍ വാര്‍ത്ത നിരത്തിയെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങള്‍

കൊച്ചി: ജീവിതത്തിലിന്ന് മരണത്തെ കുറിച്ച് ചിന്തിക്കുകയാണ് കൊച്ചി മെട്രോ പടിയിറക്കി വിട്ട രഞ്ജു മോഹന്‍ എന്ന ട്രാന്‍സ് ജെന്‍ഡര്‍. ജീവിതം വഴിമുട്ടിയെന്നും പട്ടിണി കിടന്ന് നരകിക്കാന്‍ വയ്യെന്നും മാന്യമായ ജോലി ചെയ്ത് ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയത് അവഗണനയും പരിഹാസവും മാത്രമാണെന്ന് രഞ്ജു പറയുന്നു. എന്റെ ലിംഗമാണ് അവര്‍ക്ക് പ്രശ്‌നം. അവസരങ്ങള്‍ ഒരുപാടുണ്ടെന്നും അബദ്ധമൊന്നും കാട്ടരുതെന്നും എല്ലാവരും പറയുന്നു. എന്നാല്‍ ഗതിമുട്ടിയാല്‍ ആ കടുംകൈ ചെയ്യും. ശരീരം വില്‍ക്കാന്‍ തെരുവിലേക്കിറങ്ങും. ഇതൊന്നും ചെയ്യാതെ തന്നെ ഞാന്‍ പലര്‍ക്കും പോക്കു കേസാ…ഇനി ആ കടുംകൈ ചെയ്തിട്ട് പട്ടിണി കിടക്കാതിരിക്കാമല്ലോ’-രഞ്ജു പറയുന്നു.

തന്റെതല്ലാത്ത പിഴവിന്റെ പേരിലാണ് മേലധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്ന് രഞ്ജു പറയുന്നു.

കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയെന്നും അവരുടെ ജീവിതം സുരക്ഷിതമായെന്നും പത്രതലക്കെട്ടുകള്‍ വാര്‍ത്ത നിരത്തിയെങ്കിലും അത്ര സുന്ദരമായിരുന്നില്ല കാര്യങ്ങള്‍. ‘നിങ്ങളൊക്കെ കരുതും പോലെ എസിക്ക് കീഴില്‍ കുളിരു കോരിയിരിക്കുന്ന സര്‍ക്കാര്‍ ആപ്പീസുകാരിയൊന്നുമല്ല ഞാനും, എന്റെ സുഹൃത്തുക്കളും. കൊച്ചി മെട്രോ ടിക്കറ്റിംഗ് ജോലി ഏല്‍പ്പിച്ചിട്ടുള്ള ഒരു കമ്പനിയിലെ കോണ്‍ട്രാക്ട് സ്റ്റാഫ് മാത്രമായിരുന്നു ഞാന്‍. ചാനല്‍ ചര്‍ച്ചകളിലും പത്രക്കോളങ്ങളിലും ട്രാന്‍സ് ജെന്‍ഡറുകളുടെ അവകാശ പോരാട്ടത്തെക്കുറിച്ച് ചിലര്‍ ഛര്‍ദ്ദിക്കുന്നത് കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഞങ്ങളുടെ ജീവിതത്തിലില്ല. ഞങ്ങള്‍ എന്നും അവിടുത്തെ ഉദ്യോഗസ്ഥര്‍ക്ക് രണ്ടാം തരക്കാരായിരുന്നു.

10000 രൂപയായിരുന്നു ശമ്പളം. ആ കാശ് ഒന്നിനും തികയാതെ വന്നപ്പോള്‍ ട്രെയിനില്‍ ഭിക്ഷയെടുക്കാന്‍ വരെ പോയിട്ടുണ്ട്. ഇതൊക്കെ ആരോട് പറയാന്‍. ഒരിക്കല്‍ ജോലിയിലെ പിഴവിന്റെ പേരില്‍ മേലുദ്യോഗസ്ഥന്‍ ഒരുപാട് പേരുടെ മുന്നില്‍ വച്ച് കണ്ണുപൊട്ടണ ചീത്ത പറഞ്ഞു. എന്റെ തെറ്റല്ലെന്നും സിസ്റ്റം ഡൗണായതാണെന്നും ഞാന്‍ കരഞ്ഞു പറഞ്ഞതാണ്. പക്ഷേ അവര്‍ ചെവിക്കൊണ്ടില്ല. എന്നെ അവര്‍ പുറത്താക്കി, ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ പറഞ്ഞു. എനിക്കറിയാം സാറേ… മറ്റൊരു വ്യക്തിയായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു.- രഞ്ജു പറയുന്നു.

‘ഒടുവില്‍ ഏമാന്‍മാരുടെ കാലുപിടിച്ച് ജോലിയില്‍ തിരികെ കയറി. എന്നാല്‍ ദുരിതം ഒഴിഞ്ഞിരുന്നില്ല.രാത്രി 11മണിക്ക് ജോലി കഴിഞ്ഞ് തിരികെ വരവെ എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിനടുത്ത് വച്ച് ഒരുത്തന്‍ എന്നെ ആക്രമിച്ചു. എന്റെ ബാഗ് പിടിച്ചു പറിച്ചു. അവന്റെ ഉദ്ദേശ്യം തെറ്റായിരുന്നു’. ഞാന്‍ അത്തരക്കാരിയല്ലെന്നും വേറെ ആളെ നോക്കണമെന്നും കരഞ്ഞ് പറഞ്ഞതാണ്. പക്ഷേ അവന്‍ ഞങ്ങളെ വിട്ടില്ല, ഒടുവില്‍ ഒന്നും നടക്കില്ലെന്ന് കണ്ടപ്പോള്‍ എന്റെ ബാഗും തട്ടിപ്പറിച്ച് അവന്‍ ഓടി. ഒടുവില്‍ സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പൊലീസില്‍ പരാതി നല്‍കി.

നിയമ നടപടികളുമായി മുന്നോട്ടു പോകവെ, തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ കഥയാകെ മാറി. ലൈംഗിക തൊഴിലാളികള്‍ക്ക് ജോലി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അവരുടെ വാദം. സത്യാവസ്ഥയെന്തെന്ന് കാലു പിടിച്ച് കരഞ്ഞു പറഞ്ഞു, ഈ ജോലി പോയാല്‍ മറ്റ് മാര്‍ഗമില്ലെന്ന് പറഞ്ഞിട്ടു അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. എന്ത് ചെയ്യാനാ…അവരുടെ മുന്നില്‍ ഞങ്ങള്‍ വെറും ‘പോക്ക് കേസു’കളാണ്. വെറും രണ്ടാം തരക്കാര്‍. ജോലി പോയാലും വേണ്ടില്ല. പക്ഷേ ഞങ്ങളെ ഇപ്പോഴും ശരീരം വില്‍ക്കുന്നവരായി മുദ്രകുത്തുന്നത് കാണുമ്പോള്‍ സഹിക്കാന്‍ കഴിയുന്നില്ല. പലപ്പോഴും മരിച്ചാല്‍ മതിയെന്നു വരെ തോന്നിയിട്ടുണ്ടെന്ന് രഞ്ജു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button