കൊച്ചി : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നട അടച്ചിടാന്‍ തീരുമാനിച്ചിരുന്നതായി രാഹുല്‍ ഈശ്വറിന്റെ വെളിപ്പെടുത്തല്‍. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര് നിന്നിരുന്നെന്നാണ് രാഹുല്‍ വെളിപ്പെടുത്തിയത്. കയ്യില്‍ സ്വയം മുറിവേല്പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും.
ശബരിമല അയ്യപ്പശാസ്താവിന്റെ സന്നിധി രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്. വരും ദിവസങ്ങളിലും നട തുറക്കുമ്പോള്‍ ഈ സംഘം രംഗത്തുണ്ടായിരിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയുടെ ഉടമാവകാശം തന്ത്രിക്കല്ലെന്നു മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷേ, അത് ദേവസ്വം ബോര്‍ഡിനോ സര്‍ക്കാരിനൊ അല്ല. അയ്യപ്പനാണ് ശബരിമലയുടെ ഉടമ. സുപ്രീം കോടതി റിവ്യൂ പരിഗണിക്കുന്നതിന് സ്വീകരിച്ച സാഹചര്യത്തില്‍ തീരുമാനം ഉണ്ടാകുന്നതു വരെ ശബരിമലയില്‍ ഭക്തരല്ലാത്തവരെ കയറ്റുന്നതിനു ശ്രമിക്കരുത്. സുപ്രീം കോടതി അനുകൂല വിധി നല്കിയില്ലെങ്കിലും ആചാര സംരക്ഷണത്തിനായി മുന്നോട്ടു പോകുന്നതിനാണു ഭക്തരുടെ തീരുമാനം. യുവതീ പ്രവേശത്തെ ഭരണഘടന അനുവദിക്കുന്ന മാര്‍ഗങ്ങളുപയോഗിച്ച് ഏതു വിധേനയും തടയുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Post Your Comments