ആലപ്പുഴ: ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. കന്യാസ്ത്രിയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ ബിഷപ് ഫ്രാങ്കോയുടെ ശത്രുവായിരുന്നു കുര്യാക്കോസ്. ജാമ്യം കിട്ടിയാല്‍ തന്നെ അപായപ്പെടുത്തുമെന്ന് പറഞ്ഞിരുന്നതായി കുര്യാക്കോസിന്റെ സഹോദരന്‍ ജോസ് കുര്യന്‍ കാട്ടുതറ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഫ്രാങ്കോയുടെ ദുര്‍നടപ്പുകളെക്കുറിച്ച് വൈക്കം ഡിവൈഎസ്പിക്ക് രഹസ്യമൊഴികൊടുത്ത അന്നുമുതല്‍ തനിക്ക് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും വീട് തല്ലി തകര്‍ത്തെന്നും ഫാദര്‍ പറഞ്ഞിരുന്നതായി ജോസ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്നലെ രാവിലെ 10.30നാണ് ജലന്ധറില്‍ കുര്യാക്കോസിനോടൊപ്പം ജോലി ചെയ്തിരുന്ന ഫാ. മൈക്കിള്‍ ആനിക്കുഴി ജ്യേഷ്ഠൻ മരിച്ചവിവരം അറിയിച്ചത്. മരണകാരണം അറിവായിട്ടില്ലെന്നും അങ്ങോട്ട് പോകുകയാണെന്നും അറിയിച്ചു.
നിലവില്‍ ഗൗരവകരമായ അസുഖങ്ങളൊന്നുമില്ലായിരുന്നു. അതേസമയം കടുത്ത രക്തസമ്മര്‍ദ്ദം ഉണ്ടായിരുന്നതായാണ് ജലന്ധറില്‍ നിന്ന് അറിയിച്ചത്. ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഫ്രാങ്കോയ്ക്ക് എതിരായി മൊഴി കൊടുത്ത അന്നുമുതല്‍ കുര്യാക്കോസിനെ അപായപ്പെടുത്തുമെന്ന് പലവട്ടം പറഞ്ഞിരുന്നതായി ജോസ് പറഞ്ഞു. കേരള പോലീസ് ഈ കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണം.
പോസ്റ്റ്‌മോര്‍ട്ടം തങ്ങളുടെ സാന്നിധ്യത്തില്‍ കേരളത്തിലെത്തിച്ച് നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ ഇതേ ആവശ്യവുമായി ചേര്‍ത്തല ഡിവൈഎസ്പിയേയും കേസ് അന്വേഷിച്ച വൈക്കം ഡിവൈഎസ്പിയേയും സമീപിച്ചെങ്കിലും പരാതി നേരിട്ട് ആലപ്പുഴ എസ്പിക്ക് കൊടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെ ജലന്ധര്‍ രൂപതയിലെ വികാരി ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് സേവ് ഔര്‍ സിസ്റ്റേഴ്സ് (എസ്‌ഒഎസ്) ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ജലന്ധറില്‍ നിന്ന് പോലീസ് അകമ്പടിയോടെ കേരളത്തിലെത്തിക്കണമെന്നും പോലീസ് സര്‍ജനെക്കൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും എസ്‌ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ച കന്യാസ്ത്രീക്ക് അനുകൂലമായി നിര്‍ണായക മൊഴി നല്‍കുകയും ഫ്രാങ്കോയ്ക്കെതിരെ മാധ്യമങ്ങളിലൂടെ രംഗത്ത് വരികയും ചെയ്തതിന്റെ പേരില്‍ ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നതായും പറയുന്നു.ബിഷപ്പിനെതിരായ കേസിന്റെ അന്വേഷണവും തുടര്‍ന്നുള്ള കോടതി നടപടികളും കാര്യക്ഷമമായും സമയബന്ധിതമായും നടത്തണം. ഇതിനായി പ്രത്യേക കോടതിയും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറേയും നിയമിക്കണമെന്നാവശ്യപ്പെട്ട് മറ്റൊരു നിവേദനവും എസ്‌ഒഎസ് ആക്ഷന്‍ കൗണ്‍സില്‍ മുഖ്യമന്ത്രിക്ക് നല്‍കിയിട്ടുണ്ട്.
പീഡനത്തിനിരയായ കന്യാസ്ത്രീക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കും ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷയൊരുക്കണമെന്നും എസ്‌ഒഎസ് ആവശ്യപ്പെട്ടു.
Post Your Comments