ഡെട്രോയിറ്റ്: 63 ഗർഭസ്ഥശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ ഒളിപ്പിച്ച നിലയിൽ അമേരിക്കയിലെ ശവസംസ്കാര കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഡെട്രോയിറ്റിലുള്ള പെറി ഫ്യൂണറൽ ഹോമിലാണ് സംഭവം. 36 ശരീരങ്ങൾ പെട്ടികൾക്കുള്ളിലും 27 ശരീരങ്ങൾ ഫ്രീസറുകളിലുമാണ് സൂക്ഷിച്ചിരുന്നത്.
ഗർഭസ്ഥശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നെന്ന പരാതിയെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇതേ തുടർന്ന് ശവസംസ്കാര കേന്ദ്രത്തിന്റെ ലൈസൻസ് റദ്ദാക്കി. നഗരത്തിലെ മറ്റൊരു ശവസംസ്കാര കേന്ദ്രത്തിൽനിന്ന് ഒരാഴ്ച മുൻപ് ജീർണിച്ച നിലയിൽ 10 ഗർഭസ്ഥശിശുക്കളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.
മാതാപിതാക്കളുടെ അനുമതിയില്ലാതെ ഗർഭസ്ഥ, നവജാത ശിശുക്കളുടെ ശരീരാവശിഷ്ടങ്ങൾ പെറി ഫ്യൂണറൽ ഹോം ഉൾപ്പെടെയുള്ള ചില കേന്ദ്രങ്ങളിൽ, മൂന്നു വർഷം വരെ സൂക്ഷിക്കുന്നതായി അധികൃതർക്കു പരാതി ലഭിച്ചിരുന്നു. സംസ്കാരം നടത്തിയെന്നു കാട്ടി ചടങ്ങുകൾക്കും അവരുടെ സേവനങ്ങൾക്കുമെന്ന പേരിൽ ബന്ധുക്കളിൽനിന്ന് പണവും ഈടാക്കിയിരുന്നു. മൃതദേഹാവശിഷ്ടം സൂക്ഷിച്ചതിന്റെ കാരണം കണ്ടെത്തണമെന്നും അതിനായി അന്വേഷണം വിപുലപ്പെടുത്തിയെന്നും പോലീസ് അറിയിച്ചു.
‘യഥാസമയം മരണ സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിൽ ശവസംസ്കാര കേന്ദ്രം പരാജയപ്പെട്ടു. മൃതദേഹങ്ങൾ നീക്കം ചെയ്യുന്നതിനോ സംസ്കരിക്കുന്നതിനോ ഇവർ അനുമതി നേടിയിരുന്നില്ല. മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിന് ബന്ധുക്കളുടെ അനുമതിയും നേടിയിരുന്നില്ല’ – അധികൃതർ പറഞ്ഞു.
അതേസമയം, ആരും അവകാശവാദം ഉന്നയിക്കാത്ത മൃതദേഹാവശിഷ്ടങ്ങളാണിവയെന്ന് പെറി ഫ്യൂണറൽ ഹോമിന്റെ അഭിഭാഷകൻ ജോഷ്വ അരൺകോഫ് പറഞ്ഞു. ‘പ്രാദേശിക ആശുപത്രികളിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ പണമടച്ച മൃതദേഹങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ല’ – ജോഷ്വ അരൺകോഫ് പറഞ്ഞു.
Post Your Comments