കോഴിക്കോട്: സംസ്ഥാനത്ത് ഏറെ പേരുകേട്ട പ്രമുഖ ദിനപത്രം അടച്ചുപൂട്ടാന്‍ തീരുമാനം. പോപ്പുലര്‍ ഫ്രണ്ട് മുഖപത്രമായ തേജസ് ദിനപത്രമാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അച്ചടി നിര്‍ത്തുന്നത്.. ഡിസംബര്‍ 31ന് അച്ചടി നിര്‍ത്തും. നേരത്തെ പ്രചാരണത്തിലുണ്ടായിരുന്ന തേജസ് ദ്വൈവാരിക, വാരികയാക്കി മാറ്റാനാണ് തീരുമാനം. ഈ വര്‍ഷം ഡിസംബര്‍ 31ന് പത്രത്തിന്റെ അവസാന കോപ്പി ഇറങ്ങുമെന്ന് ജീവനക്കാരുടെ യോഗം വിളിച്ചുചേര്‍ത്ത് മാനേജ്മെന്റ് അറിയിച്ചു.
ഞായറാഴ്ച തേജസ് പത്രത്തിന് അവധി കൊടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാര്‍ക്കും കോഴിക്കോട് ഓഫീസിലേക്ക് എത്തുന്നതിനും യോഗത്തില്‍ പങ്കെടുക്കുന്നതിനുമാണ് അവധി നല്‍കിയത്. യോഗത്തില്‍ തേജസ് ഡയറക്ടര്‍ നാസറുദ്ദീന്‍ എളമരം പത്രം അച്ചടി നിര്‍ത്തുകയാണെന്ന് അറിയിച്ചു.
പത്രം അച്ചടി നിര്‍ത്തരുത് എന്നായിരുന്നു എഡിറ്റര്‍ എന്‍പി ചെക്കുട്ടിയുടെ നിലപാട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് അച്ചടി നിര്‍ത്തുന്നതെന്ന് മാനേജ്മെന്റ് പറയുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യം വര്‍ഷങ്ങളായി തേജസിന് ലഭിക്കുന്നില്ല. സര്‍ക്കാര്‍ നയങ്ങള്‍ക്ക് വിരുദ്ധമായി വാര്‍ത്തകളും ലേഖനങ്ങളും തേജസ് നല്‍കുന്നുവെന്നാരോപിച്ചാണ് പരസ്യം നിഷേധിച്ചത്. തീവ്രവാദത്തെ പത്രം പ്രോല്‍സാഹിപ്പിക്കുന്നുവെന്നും ആരോപണം ഉയര്‍ന്നിരുന്നു.
പരസ്യം തിരിച്ചുകിട്ടാന്‍ തേജസ് മാനേജ്മെന്റ് സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഹൈക്കോടതിയെയും സമീപിച്ചിരുന്നു. പരസ്യം വീണ്ടും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാര്‍ സമരപരിപാടികളുമായി രംഗത്തുവരികയുമുണ്ടായി. ഫലമില്ലാത്തതിനെ തുടര്‍ന്നാണ് അച്ചടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് മാനേജ്മെന്റ് അറിയിച്ചു.
തേജസ് ദ്വൈവാരിക ഇനി വാരികയാക്കി ഇറക്കും. ജനുവരി മുതലാണ് വാരികയായി ഇറങ്ങുക. തേജസ് ഓണ്‍ലൈന്‍ എഡിഷന്‍ കൂടുതല്‍ പരിഷ്‌കരിച്ച് നിലനിര്‍ത്താനും തീരുമാനിച്ചു. പത്രത്തിലെ 200ലധികം വരുന്ന ജീവനക്കാരുടെ ഭാവി എന്താകും എന്ന ചോദ്യം ബാക്കിയാണ്. കുറച്ചുപേരെ വാരികയിലും കുറച്ച് ജീവനക്കാരെ ഓണ്‍ലൈനിലും നിയമിക്കും. ബാക്കിയുള്ളവര്‍ക്ക് മാന്യമായ നഷ്ടപരിഹാരം നല്‍കി പിരിച്ചുവിടുമെന്നും മാനേജ്മെന്റ് അറിയിച്ചു.
1997ലാണ് തേജസ് മാസികയായി പുറത്തിറങ്ങിയത്. പിന്നീട് ദ്വൈവാരികയായി. 2006ല്‍ തേജസ് പത്രം പുറത്തിറങ്ങി. 12 വര്‍ഷം കഴിയുമ്പോഴാണ് അടച്ചുപൂട്ടുന്നത്. നേരത്തെ സൗദി, ഖത്തര്‍, ബഹ്റൈന്‍ എഡിഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും അടച്ചുപൂട്ടിയിരുന്നു.
Post Your Comments