തമിഴ് തരം അര്‍ജുനെതിരെ ആരോപണവുമായി മലയാളി നടി ശ്രുതി ഹരിഹരന്‍. അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വച്ചാണ് അര്‍ജുന്‍ തന്നോട് മോശമായി പെരുമാറിയതെന്ന് നടി പറയുന്നു. ശ്രുതിയുടെ ആരോപണം ഇങ്ങനെ;
‘വളര്‍ന്നുവന്ന സാഹചര്യങ്ങളില്‍ പലതവണ ലൈംഗികമായി ഞാന്‍ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ മാത്രമല്ല മിക്ക പെണ്‍കുട്ടികള്‍ക്കും ഇതേ അവസ്ഥ ഉണ്ടായികാണും. ചിലപ്പോള്‍ അത് വാക്കുകളാകാം. അല്ലെങ്കില്‍ ലൈംഗിക ചേഷ്ടകളാകാം. ജോലി സ്ഥലത്തു നിന്നോ സമൂഹത്തില്‍ നിന്നു തന്നെയോ ആകാം ഇത് ഉണ്ടാകുക. എന്റെ അനുഭവം ഞാന്‍ പങ്കുവയ്ക്കുന്നു.
അര്‍ജുന്‍ നായകനാകുന്ന ദ്വിഭാഷ ചിത്രത്തിന്റെ ചിത്രീകരണത്തിലായിരുന്നു ഞാന്‍. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടു വളര്‍ന്ന ഒരാളാണ് ഞാന്‍. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരത്തില്‍ ഞാന്‍ വളരെയധികം ആവേശഭരിതയായിരുന്നു. ആദ്യ കുറച്ചു ദിവസങ്ങള്‍ സാധാരണ പോലെ കടന്നുപോയി.
അദ്ദേഹത്തിന്റെ ഭാര്യയായാണ് ഞാന്‍ അഭിനയിക്കുന്നത്. ഒരു ദിവസം ഞങ്ങള്‍ക്കൊരു പ്രണയരംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങള്‍ ആലിംഗനം ചെയ്യുന്ന രംഗമായിരുന്നു അത്. റിഹേഴ്‌സലിന്റെ സമയത്ത് ഡയലോഗ് പറഞ്ഞ് അര്‍ജുന്‍ ആലിംഗനം ചെയ്തു. മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെയാണ് അദ്ദേഹം അത് ചെയ്തത്.
എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ച്, ഇതുപോലെ ചെയ്യുന്നത് നല്ലതല്ലേയെന്ന് സംവിധായകനോട് ചോദിച്ചു. ഞാന്‍ ഭയപ്പെട്ടുപോയി. ഇത് തീര്‍ത്തും തെറ്റായി തോന്നി. അദ്ദേഹത്തിന്റെ ഉദ്ദേശ്യം പ്രൊഫഷണലായിരിക്കാം. എന്നാല്‍ അദ്ദേഹം ചെയ്തത് ഞാന്‍ വെറുത്തു. അപ്പോഴെന്തു പറയണം എന്നറിയാതെ എനിക്ക് ദേഷ്യം വന്നു.
ചിത്രത്തിന്റെ സംവിധായകനും എന്റെ അസ്വസ്ഥത മനസിലായി. റിഹേഴ്‌സലുകള്‍ക്ക് താല്‍പര്യമില്ലെന്നും നേരെ ടേക്ക് പോകാമെന്നും ഡയറക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ഞാന്‍ അറിയിച്ചു. എന്റെ മെയ്ക്കപ്പ് ടീമിനോടും ഈ സംഭവത്തെക്കുറിച്ച് അറിയിച്ചു. ചുരുങ്ങിയത് അന്‍പതോളം ആളുകള്‍ അടങ്ങിയിരുന്നു ഷൂട്ടിങ് സെറ്റില്‍. കരാര്‍ ഒപ്പിട്ടിട്ടുള്ളതിനാല്‍ ചെയ്യേണ്ട ജോലി പൂര്‍ത്തീകരിക്കണമായിരുന്നു.
സിനിമയുടെ ചിത്രീകരണത്തെ ബാധിക്കാതിരിക്കാനായി അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെ അവഗണിക്കാന്‍ ഞാന്‍ ശ്രമിച്ചത് ഓര്‍ത്തു പോകുന്നു. അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും, അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അവസാനിപ്പിക്കാതെ തുടരുന്നതില്‍ അമ്പരന്നിട്ടും ഞാന്‍ സൗഹാര്‍ദപൂര്‍ണമായ അകലം പാലിച്ചു’.
Post Your Comments