Latest NewsKeralaIndia

വിശ്വാസം സംരക്ഷിക്കാൻ പിണറായി വിജയന്റെ അനുവാദം ആവശ്യമില്ല : ജി . സുകുമാരൻ നായർ

കോട്ടയം: നിരീശ്വരവാദം അടിച്ചേല്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ശബരിമല വിഷയത്തോടെ പുറത്തുവന്നതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആരോപിച്ചു. ദേവസ്വം ബോര്‍ഡിനെ ചട്ടുകമാക്കി വിശ്വാസത്തെ സര്‍ക്കാര്‍ തകര്‍ക്കുകയാണ്. ചങ്ങനാശേരി യൂണിയന്റെ വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എന്‍.എസ്.എസ് സർക്കാരിനെ വിമര്ശിച്ചിട്ടില്ല, എന്നാൽ ശബരിമലയിൽ ഇഷ്ടപ്പെടാത്ത പ്രശ്നങ്ങള്‍ നേരിട്ടാണ് പറഞ്ഞത്.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വിഷയത്തിലടക്കം അനുകൂല തീരുമാനം ഉണ്ടായി. പക്ഷേ, ശബരിമല വിഷയത്തില്‍ പിണറായി വിജയന് പാളിച്ചപറ്റി. കപടഭക്തരെ പൊലീസ് സന്നാഹത്തോടെ സന്നിധാനത്ത് എത്തിക്കാന്‍ വ്യഗ്രത കാട്ടി. അതേസമയം നാമംജപിച്ച്‌ പ്രതിഷേധിച്ച ഭക്തരോട് പൊലീസ് നീചവും നിന്ദ്യവുമായി പെരുമാറി. സര്‍ക്കാര്‍ നിരീശ്വരവാദം അടിച്ചേല്പിക്കാന്‍ ശ്രമിക്കുകയാണെന്ന വാദത്തിന് ബലം നല്‍കുന്ന പല കാരണങ്ങളുണ്ട്.

സെന്‍കുമാര്‍ കേസിലടക്കം സുപ്രീംകോടതി വിധിയില്‍ നടപടിയെടുക്കാതിരുന്ന സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍ തിടുക്കം കാണിച്ചു. കേസില്‍ കക്ഷിയായിരുന്ന എന്‍.എസ്.എസിന് വിധിപ്പകര്‍പ്പ് ലഭിക്കും മുന്‍പേ വിധി നടപ്പാക്കാന്‍ തിടുക്കം കാട്ടി. ഇതൊക്കെ ഹിന്ദു അല്ലാത്ത ഏതെങ്കിലും മതവിഭാഗത്തോട് ചെയ്യാനുള്ള ധൈര്യമുണ്ടോ? ഇല്ല, എന്‍.എസ്.എസ് എന്തും അംഗീകരിച്ച്‌ കൊടുക്കുമെന്ന് സര്‍ക്കാര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ തെറ്റി. വിശ്വാസം സംരക്ഷിക്കാന്‍ പിണറായി വിജയന്റെ അനുവാദം വേണമെങ്കില്‍ അത് നടക്കില്ല.

രാജ്യം വിശ്വാസത്തിന്റെ പേരില്‍ തകര്‍ന്ന് കിടക്കുമ്പോള്‍ എല്ലാം തീ കൊളുത്തിവിട്ടിട്ട് മുഖ്യമന്ത്രി ഭാര്യയ്ക്കും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം വിദേശത്ത് പോയി.വിശ്വാസം സംരക്ഷിക്കാന്‍ അക്രമത്തിന് എന്‍.എസ്.എസ് ഇല്ല. സമാധാനപരമായി നാമം ജപിച്ചാണ് സംസ്ഥാനം മുഴുവന്‍ എന്‍.എസ്.എസ് പ്രതിഷേധിച്ചത്. അതിന് ജാതി-മത ഭേദമെന്യേ എല്ലാവരും പിന്തുണച്ചു. ഇതിലൂടെ മന്നത്തിന്റെ ആഗ്രഹം പോലെ മതസൗഹാര്‍ദ്ദത്തിന് കളം ഒരുങ്ങി- അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button