മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ധനിക കുടുംബമാണ് അംബാനി കുടുംബം. എന്നാൽ 2005 ൽ കുടുംബത്തിലെ തർക്കത്തെ തുടര്‍ന്ന് പാരമ്പര്യ സ്വത്തിൽ വീതം പങ്കുപറ്റി വേർപിരിഞ്ഞ അംബാനിമാരിൽ സഹോദരങ്ങൾ തമ്മിൽ ഇപ്പോൾ സ്വത്തിൽ വലിയ അന്തരമാണ് ഉള്ളത്. അംബാനി സഹോദരന്മാരുടെ സ്വത്തിലെ അന്തരം ‘ബ്ലുംബർഗ്’ ആണു കണക്കുകൾ സഹിതം റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
100 ബില്യൻ ഡോളറാണു അറുപത്തിയോന്നുകാരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ആകെ സ്വത്ത്. മുകേഷിന്റെ വ്യക്തിഗത സമ്പാദ്യം മാത്രം 43.1 ബില്യൻ ഡോളർ ഉണ്ട്. അങ്ങനെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനെന്ന സ്ഥാനം ചൈനക്കാരനായ ജാക് മായിൽ നിന്ന് മുകേഷ് സ്വന്തമാക്കി.
എന്നാൽ അൻപത്തിഒൻപതുകാരനായ അനിൽ അംബാനിക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വലിയ സാമ്പത്തിക നഷ്ടത്തെ തുടർന്ന് വ്യക്തിഗത സമ്പാദ്യത്തിൽ പകുതിയോളം കൈമോശം വന്നിരുന്നു. ഇതിനു ശേഷമാണ് ഇരുവരും തമ്മിലുള്ള വ്യത്യാസം ഏകദേശം 41 ബില്യൻ ഡോളർ ആയി തീർന്നത്.
2016 സെപ്റ്റംബറില്‍ ജിയോയുമായി മുകേഷ് ടെലികോം മേഖലയിലേക്കു പ്രവേശിച്ചതോടെ അനിലിന്റെ റിലയന്‍സ് കമ്യൂണിക്കേഷന്‍ ലിമിറ്റഡ് (ആര്‍കോം) നഷ്ടത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു. ജിയോയുടെ വരവോടെയും മറ്റും കടത്തില്‍ മുങ്ങിയ അനില്‍ അംബാനിയെ സഹായിക്കാൻ മുകേഷ് അംബാനി എത്തിയതും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
Post Your Comments