വർക്കല: സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ യുവതിക്ക് ദാരുണാന്ത്യം. രഘുനാഥപുരം ചേതന ഹൗസിൽ സുമയ്യ (30) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ച് അലർജി ഉണ്ടായതിനെ തുടർന്ന് സുമയ്യ മിഷൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രിയിൽ നിന്നും ഇൻജെക്ഷൻ നൽകിയ ശേഷം വേദന വന്നാൽ കഴിക്കാൻ ഗുളികയും നൽകി വീട്ടിലേക്കയച്ചു. രാത്രിയിൽ വീട്ടിലെത്തിയ ശേഷം വീണ്ടും വേദന കൂടുകയും ഉടന്‍തന്നെ ബന്ധുക്കൾ ചേർന്ന് മിഷൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ ഡോക്ടർ സുമയ്യയോട് ഗുളിക കഴിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞ സുമയ്യയോട് ഉടനെ ആ ഗുളിക കഴിക്കാൻ പറയുകയായിരുന്നു. ഗുളിക കഴിച്ച ശേഷം സുമയ്യയുടെ ശരീരം നീര് വന്ന് വീർക്കുകയും പുലര്‍ച്ചെ നാലരയോടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ബന്ധുക്കൾ പറയുന്നത് ഡോസ് കൂടിയ ഗുളിക ഡോക്ടർ നൽകിയതാണ് മരണ കാരണമെന്നാണ്. ആശുപത്രിയുടെ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രതിഷേധം നടത്തി.
വർക്കല പോലീസ് ഇൻക്വസ്‌റ് നടപടികൾ സ്വീകരിച്ചു. ഇതിന് മുമ്പും ആശുപത്രിയുടെ അനാസ്ഥ മൂലം മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Post Your Comments