ദമ്മാം: നിയമവിരുദ്ധമായി സൗദി അറേബ്യയിൽ എത്തിച്ചു ജോലി ചെയ്യിച്ച ശേഷം, സ്പോൺസർ വനിതാ അഭയകേന്ദ്രത്തിൽ കൊണ്ടുപോയി ഉപേക്ഷിച്ച ആന്ധ്രാക്കാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രാപ്രദേശ് തുറപ്പുപള്ളി സ്വദേശിനിയായ വീരമ്പള്ളി നാഗലക്ഷ്മിയ്ക്കാണ് ദുരിതപൂർണ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നത്. ഒരു സൗദി പൗരൻ നാഗലക്ഷ്മിയെ, കുവൈറ്റിൽ ഹൌസ്മൈഡ് വിസയിൽ കൊണ്ടുവന്ന ശേഷം, അവിടന്ന് വിസിറ്റിങ് വിസയിൽ സൗദിയിൽ കൊണ്ട് വരികയായിരുന്നു. ദമ്മാമിലുള്ള സ്‌പോൺസറുടെ വീട്ടിൽ രണ്ടു വർഷം നാഗലക്ഷ്മി ജോലി ചെയ്തു. അതിനിടയ്ക്ക് വിസിറ്റിങ് വിസ കാലാവധി തീർന്നു പോയതൊന്നും അവർ അറിഞ്ഞില്ല.
രണ്ടു വർഷത്തിന് ശേഷം നാട്ടിൽ വെക്കേഷന് അയയ്ക്കണമെന്ന് നാഗലക്ഷ്മി ആവശ്യപ്പെട്ടപ്പോൾ, സ്പോൺസർ കുഴങ്ങി. നിയമപരമായ രേഖകൾ ഒന്നുമില്ലാത്ത നാഗലക്ഷ്മിയെ ഒഴിവാക്കാനായി, ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ചിട്ട് അയാൾ മുങ്ങി.
അഭയകേന്ദ്രത്തിൽ വന്ന നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് നാഗലക്ഷ്മി സഹായം അഭ്യർത്ഥിച്ചു. മഞ്ജു അവരുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ വനിതാഅഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ നാഗാലക്ഷ്മിയ്ക്ക് ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. നവയുഗത്തിന്റെ അഭ്യർത്ഥന മാനിച്ചു ജുബൈലിലെ ജീവകാരുണ്യപ്രവർത്തകനായ യാസർ, വിമാനടിക്കറ്റ് നൽകി.
എല്ലാവർക്കും നന്ദി പറഞ്ഞു നാഗലക്ഷ്മി നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments