
പത്തനംതിട്ട: ഏതെങ്കിലും സ്ത്രീകള്‍ മല ചവിട്ടിയാല്‍ താന്‍ ഇനി ശബരിമല കയറില്ലെന്ന് തുറന്നുപറഞ്ഞ് മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വിശ്വാസിയെന്ന നിലയില്‍ ശബരിമലയിലേക്ക് പോകുകയാണെന്നും അയ്യപ്പന്‍ രക്ഷിക്കുമെന്ന വിശ്വാസത്തില്‍ ജീവത്യാഗത്തിന് തയ്യാറായാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയ്‌ക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുമെന്നും പ്രയാര്‍ വ്യക്തമാക്കി.
ശബരിമലയില്‍ 10 നും 50 നും ഇടയില്‍ പ്രായപരിധിയുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ പിന്നീട് ശബരിമലയിലേക്ക് പോകില്ലെന്നും മല കയറുന്ന ആരെയും തടയാനോ പ്രതിഷേധത്തിനോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നെങ്കിലും വിശ്വാസികള്‍ അധികാരത്തില്‍ വരും. അന്ന് ഇപ്പോഴുള്ള നിയമം മാറും. അന്നേ പിന്നീട് മല ചവിട്ടൂ എന്നും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ പോലീസ് ലാത്തി വീശി. തുടര്‍ന്ന് ആചാര സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ് പൂര്‍ണമായും അഴിച്ചുമാറ്റി. എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം കൂടുതല്‍ പൊലീസെത്തി സമരപ്പന്തല്‍ പൊളിച്ച് നീക്കുകയായിരുന്നു. സമര രീതി മാറിയതോടെ,രണ്ടു ബറ്റാലിയന്‍ വനിതാ പൊലീസിനെ നിലയ്ക്കലും പമ്പയിലുമായി വിന്യസിച്ചിട്ടുണ്ട്.
Post Your Comments