രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. പോലീസ് സ്റ്റേഷന്, ഹെല്‍ത്ത് സെന്റര്‍, സ്കൂള്‍ തുടങ്ങി എല്ലായിടങ്ങളിലും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഭാരത് നെറ്റ് പദ്ധതി 2019 മാര്‍ച്ചിനുള്ളില്‍ പൂര്‍ത്തിയാവുമെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. ഇപ്പോള്‍ രാജ്യത്തുടനീളമുള്ള ഒന്നേകാല്‍ ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം എത്തിയിട്ടുണ്ട്. ഭാരത് നെറ്റ് പദ്ധതിയുടെ പകുതിയോളം ജോലികള്‍ ഇതോടെ പൂര്‍ത്തിയായി. ആകെ 2.5 ലക്ഷത്തോളം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനെത്തിക്കാനാണ് പദ്ധതി.
ഭാരത് നെറ്റ് പദ്ധതിയുടെ ചുമതല ബിബിഎന്എലിനാണ്. ഇ-ഗവേണന്‍സ്, ഇ-ഹെല്‍ത്ത്, ഇ-എജുക്കേഷന്‍, ഇ-ബാങ്കിങ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ ജനങ്ങളിലെത്തിക്കുകയാണ് ഭാരത്നെറ്റ് പദ്ധതിയുടെ പ്രഥമ ലക്ഷ്യങ്ങള്‍. 2017 ഡിസംബറില്‍ പദ്ധതിയുടെ ആദ്യ ഘട്ടമായി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളില്‍ ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്ക് എത്തിക്കുന്ന നടപടികള്‍ പൂര്‍ത്തിയായിരുന്നു. സംസ്ഥാനങ്ങള്‍, കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യ മേഖല എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഭാരത്നെറ്റ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കിവരുന്നത്. ഡല്‍ഹിയില്‍ ഭാരത് ബ്രോഡ്ബാന്റ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍) ന്റെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Post Your Comments