തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ച് ഇന്ന് നടക്കും. തന്ത്രിമാര്‍, പന്തളം കൊട്ടാരം പ്രതിനിധികള്‍, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. കൂടാതെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാസംഘവും വ്യക്തമാക്കിയിട്ടുണ്ട്. വിധി നടപ്പാക്കാന്‍ സാവകാശം, പുനഃപരിശോധനാ ഹര്‍ജി, ഓര്‍ഡിനന്‍സ് എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതുതന്നെയാകും ചര്‍ച്ചയിലും ഉയരുക. ഇതില്‍ പ്രായോഗികമായത് നടപ്പാക്കാന്‍ ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷ.
എന്‍എസ്എസ് അടക്കമുള്ളവരുമായി ആലോചിച്ചാകും തീരുമാനമെടുക്കുക. മറ്റന്നാള്‍ നട തുറക്കും. നട തുറക്കുന്നതിന്റെ തലേ ദിവസത്തെ ചര്‍ച്ചയോടെ സമരം തണുപ്പിക്കാന്‍ ആകുമോ എന്നാണ് ബോര്‍ഡ് നോക്കുന്നത്. സിപിഎം നേതാക്കളുമായും ബോര്‍ഡ് പ്രസിഡന്റ് ആശയവിനിമയം നടത്തുന്നുണ്ട്. വിധി നടപ്പാക്കാന്‍ ബോര്‍ഡ് സാവകാശം തേടണം എന്നത് അടക്കം ഉള്ള ആലോചനകള്‍ നടക്കുകയാണ്. തന്ത്രി കുടുംബങ്ങള്‍ അനുരഞ്ജനത്തിന് തയ്യാര്‍ ആയാല്‍ ബിജെപി അടക്കം ഉള്ളവരുടെ പ്രതിഷേധം തണുപ്പിക്കാമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നു. നിലക്കലിലും പമ്പയിലും വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാന്‍ ആണ് ഹിന്ദു ഐക്യ വേദിയുടെ തീരുമാനം. പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിടാതെ നോക്കണം എന്നാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്.
ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ നടപ്പാക്കുമെന്നും പ്രത്യേക നിര്‍ദേശം വയ്ക്കുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാര്‍ അറിയിച്ചു. ക്ഷണിച്ച എല്ലാവരും ചര്‍ച്ചയ്ക്കെത്തുമെന്ന് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ എത്തുമെന്ന യുവതികളുടെ പ്രഖ്യാപനം പ്രശസ്തിക്കു വേണ്ടിയുള്ളതാണെന്നും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവര്‍ വരാന്‍ സാധ്യതയില്ലെന്നും ബോര്‍ഡ് പ്രസിഡന്റ് പറയുന്നു.
വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. സ്വതന്ത്ര നിലപാടെടുക്കാന്‍ സര്‍ക്കാരിന്റെ അനുമതി കിട്ടിയെന്ന് വ്യക്തമാകുന്നതാണ് ബോര്‍ഡിന്റെ നീക്കങ്ങള്‍.
പന്തളം കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മ, സെക്രട്ടറി പി.എന്‍. നാരായണ വര്‍മ എന്നിവര്‍ പറഞ്ഞു. രേഖാമൂലമുള്ള ക്ഷണം ലഭിച്ചശേഷമാണ് തീരുമാനമെടുത്തത്. ചര്‍ച്ചയ്ക്ക് വിളിച്ചിട്ടു പങ്കെടുത്തില്ലെന്ന ആക്ഷേപം ഒഴിവാക്കാന്‍ കൂടിയാണിത്. തന്ത്രികുടുംബം ഉള്‍പ്പെടെ കൊട്ടാരത്തോടൊപ്പം നില്ക്കുന്നവരുമായി ഇക്കാര്യം ആലോചിച്ചിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ വയ്ക്കും.
Post Your Comments