ദുബായ്: പതിനഞ്ചു വയസ്സുള്ള പാക്ക് പെൺകുട്ടിയെ ദുബായിൽ എത്തിച്ചു ശാരീരികമായി ചൂഷണം ചെയ്യുകയും പെൺവാണിഭത്തിനു നിർബന്ധിക്കുകയും ചെയ്ത പാക്ക് സ്വദേശികളായ രണ്ടു പുരുഷൻമാരുടെയും ഒരു സ്ത്രീയുടെയും അപ്പീൽ കോടതി തള്ളി. മൂവരും അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിക്കണം. ഇക്കഴിഞ്ഞ ജൂലൈയിൽ ദുബായ് പ്രാഥമിക കോടതി പ്രതികൾ കുറ്റക്കാരാണെന്നു കണ്ടെത്തി അഞ്ചു വർഷം തടവും 20,000 ദിർഹം പിഴയും വിധിച്ചിരുന്നു. ഇതു ചോദ്യം ചെയ്താണ് 32, 38 വയസ്സുള്ള പുരുഷൻമാരും 27 വയസ്സുള്ള സ്ത്രീയും ദുബായ് അപ്പീൽ കോടതിയെ സമീപിച്ചത്.
ശിക്ഷ കുറയ്ക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, തടവു ശിക്ഷ ശരിവച്ച കോടതി പിഴ ഒഴിവാക്കി പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു. പെൺവാണിഭത്തിൽ പങ്കാളിയായ 25 വയസ്സുള്ള മറ്റൊരു പാക്ക് യുവതിയുടെ അപ്പീലും കോടതി തള്ളി. മൂന്നു വർഷത്തെ ജയിൽ ശിക്ഷയ്ക്കു ശേഷം ഇവരെയും നാടുകടത്താൻ ഉത്തരവിട്ടു. നാലു പേരും അപ്പീൽ കോടതിയിൽ കുറ്റം നിഷേധിച്ചു.
Post Your Comments