Latest NewsArticle

നടിമാര്‍ മോശപ്പെട്ട പദമോ?

സിനിമയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യൂ.സി.സി) നടിമാര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് പേരു വ്യക്തമായി അറിഞ്ഞിട്ടും ഗുരുതരമായ ഒരു വിഷയം സംബന്ധിച്ച സംസാരത്തില്‍ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഞങ്ങളെ നടിമാര്‍ എന്ന് വിളിച്ചു എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. നടിമാര്‍ എന്നു കാലാകാലങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു വാക്കിനെ എന്തിനുവേണ്ടിയാണ് ഇത്ര ചര്‍ച്ചാവിഷയമാക്കുന്നത് എന്നത് ആദ്യം ചോദ്യം ചെയ്യപ്പെടേണ്ട ഒരു കാര്യമാണ്. അഭിനയ ജീവിതം നയിക്കുന്ന സ്ത്രീകളെ എല്ലാവിധ ബഹുമാനത്തോടെയും നടിമാര്‍ എന്നു തന്നെയാണ് വിളിച്ചു പോരുന്നത്.

അക്രമിക്കപ്പെട്ട നടിയെ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഡബ്ല്യൂ.സി.സി ഉറച്ചു പറയുമ്പോഴും ഇത്തരം പ്രസക്തമല്ലാത്ത കാര്യങ്ങളെ ഊതിവീര്‍പ്പിക്കുന്നതിനു പിന്നില്‍ പ്രത്യേക അജണ്ടയുണ്ട് എന്ന ആരോപണമാണുയരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ നടിമാര്‍ ഉന്നയിച്ച ഈ വിഷയത്തെകുറിച്ച് നടന്‍ ബാബുരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, ഡോക്ടര്‍മാരെ ഡോക്ടര്‍ എന്നാണ് അഭിസംബോധ ചെയ്യുന്നത്, അതില്‍ എന്താണ് തെറ്റ്, തന്റെ ഭാര്യയും ഒരു നടിയാണെന്ന് ബാബുരാജ് പറഞ്ഞു. അയാള്‍, അങ്ങേര് എന്നൊക്കെയാണ് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ അമ്മയുടെ പ്രസിഡന്റിനെ വിളിച്ചതെന്നും ബാബു രാജ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

മാധ്യമങ്ങള്‍ക്കു മുന്നില്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ വലിയ ചര്‍ച്ചാവിഷയമാക്കുന്നതിലൂടെ ഡബ്ല്യൂ.സി.സി എന്ന സംഘടന അവരുടെ വില തന്നെയാണ് ഇടിച്ചു താഴ്ത്തുന്നതെന്നും ആരോപണമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ എന്തു നടപടി എടുത്തു എന്ന ചോദ്യത്തില്‍ നിന്നും തങ്ങളെ നടിമാര്‍ എന്നു വിളിച്ചു എന്നും അത് തങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നും പറയുന്നത് ഡബ്ല്യൂ.സി.സി യുടെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരുന്നു എന്നത് ചോദ്യചിഹ്നമാകുന്നു. നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറല്‍ ബോഡിക്ക് വിടാന്‍ തുടര്‍ന്ന് കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുളള എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത്. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുളള വിയോജിപ്പ് രേഖപ്പെടുത്തി നടന്ന ചര്‍ച്ചയില്‍ ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ഉന്നയിച്ച ആരോപണം വെറും നിലവാരം കുറഞ്ഞ ഒരുകാര്യമായി മാറുകയാണുണ്ടായത്. കൂടാതെ അമ്മ പ്രസിഡന്റിനെതിരെ ഇത്തരം ആരാപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനങ്ങള്‍ ഒരാളുടെ മാത്രം തലയില്‍ കെട്ടിവെക്കാനുള്ള നീക്കമായി മാറിയെന്നും ആരോപണങ്ങളുയര്‍ന്നു.

നിസാര പ്രശ്‌നങ്ങളെ വളച്ചൊടിച്ച് പറയുന്നതിലൂടെ യഥാര്‍ത്ഥ വിഷയത്തിന് നല്‍കേണ്ട ഗൗരവം ആണ് ഇല്ലാതാകുന്നത്. നടി രേവതി ആദ്യം പറഞ്ഞതും പിന്നീട് പ്രശ്‌നമാകുമെന്ന് കണ്ടപ്പോള്‍ തിരുത്തി പറഞ്ഞതുമെല്ലാം ജനങ്ങള്‍ കാണുന്നുണ്ട്. ഇതിലൂടെ സംഘടനയിലെ അംഗങ്ങള്‍ക്ക് കാര്യങ്ങളെ വസ്തുനിഷ്ടമായി കൈകാര്യം ചെയ്യുന്നതിലുള്ള പാളിച്ചകളും എടുത്തുപറയേണ്ടി വരുന്നു. ഒരു സംഘടനയും മറ്റൊരു സംഘടനയുടെ കടയ്ക്കല്‍ വാളു വെച്ചു കൊണ്ടായിരിക്കരുത് വളരേണ്ടത്. പ്രശ്‌നങ്ങളെ അതി ഗൗരവമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാനുള്ള കഴിവ് ഓരോ സംഘടനയ്ക്കും ഉണ്ടാവേണ്ടതുണ്ട്. പരസ്പരം ചളി വാരിയെറിയുന്നതിനായിരിക്കരുത് പുതിയ പുതിയ സംഘടനകള്‍ ഉടലെടുക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button