ദെയ്‌റ നായിഫ് : മലയാളിയായ കമ്പനി ഉടമ മുങ്ങിയതോടെ മണലാരിണ്യത്തില്‍ ചതിയിലകപ്പെട്ടത് മലയാളികളടക്കം നിരവധി പേര്‍. ദെയ്‌റ നായിഫില്‍ വര്‍ഷങ്ങളായി മലയാളി നടത്തിക്കൊണ്ടിരിക്കുന്ന കാര്‍ഗോ കമ്പനിയാണ് ഒരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. നാട്ടിലേയ്ക്ക് ലക്ഷങ്ങളുടെ സാധനങ്ങളും ഗൃഹോപകരണങ്ങളുമാണ് പലരും ഈ കമ്പനി വഴി അയക്കാനായി എത്തിച്ചത്. എന്നാല്‍ നാട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതോടെയാണ് പലരും അന്വേഷണത്തിനായി എത്തിയത്. .
മുഹൈസിനയില്‍ കെട്ടിട നിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി മുത്തുവേലുവിന്റെ ലക്ഷങ്ങള്‍ വിലപിടിപ്പുള്ള വീട്ടുപകരണങ്ങളാണ് നഷ്ടമായത്.
നായിഫില്‍ തന്നെ കഫ്റ്റീരിയ ജോലിക്കാരനായ കോഴിക്കോട് വടകര സ്വദേശി റഫീഖിന് തന്റെ ആദ്യത്തെ കണ്‍മണിക്കുള്ള കുഞ്ഞുടുപ്പുകളടക്കമുള്ള സാധനങ്ങള്‍ അയച്ചത് എവിടെയെന്നറിയാത്ത അവസ്ഥയാണ്. കാസര്‍കോട് എരിയാല്‍ സ്വദേശി ഹനീഫ് പുതിയ വീട്ടിലേയ്ക്കയച്ച വീട്ടുപകരണങ്ങളടക്കം സാധനങ്ങളും ഇതയക്കാനായി നല്‍കിയ 25,000 ദിര്‍ഹവും പോയി. ഇത്തരത്തില്‍ നൂറുകണക്കിന് പേരുടെ വിലപിടിപ്പുള്ള സാധനങ്ങളും പണവുമാണ് കാര്‍ഗോ ഉടമ മുങ്ങിയതോടെ നഷ്ടമായത്. ഇതുസംബന്ധമായി ഉപയോക്താക്കളില്‍ പലരും പൊലീസില്‍ പരാതി നല്‍കി.
ദെയ്‌റ നായിഫില്‍ വെസ്റ്റ് ഹോട്ടലിന് പിന്‍വശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന മലയാളിയുടെ ഉടമസ്ഥതയിലുള്ള കാര്‍ഗോ – ഡോര്‍ ടു ഡോര്‍ സ്ഥാപനമാണ് 15 ദിവസം മുന്‍പ് ഒരു സുപ്രഭാതത്തില്‍ മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാപനങ്ങളിലേയ്ക്കു ഡോര്‍ ടു ഡോര്‍ കാര്‍ഗോ കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവുമായിരുന്നു അയച്ചിരുന്നത്. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാര്‍ ഇവരുടെ പതിവു ഉപയോക്താക്കളുമായിരുന്നു. കിലോയ്ക്ക് 11 ദിര്‍ഹം നിരക്കിലാണ് വിമാന മാര്‍ഗമുള്ള കാര്‍ഗോ നിരക്ക്. കപ്പല്‍മാര്‍ഗം എട്ട് ദിര്‍ഹവും. ഇത്തരത്തില്‍ ഉപയോക്താക്കളില്‍ നിന്നു വാങ്ങിയ ലക്ഷക്കണക്കിന് ദിര്‍ഹവുമായാണ് ഉടമ മുങ്ങിയത്.
തൊഴിലാളികളും സാധാരണ ജോലിക്കാരും കഴിഞ്ഞ രണ്ടു വെള്ളിയാഴ്ചകളിലും സ്ഥലത്തെത്തുന്നുണ്ട്. ചിലര്‍ മിക്ക ദിവസങ്ങളിലും വൈകിട്ട് ഇവിടെയെത്തി കട തുറക്കുന്നതും കാത്തിരിക്കുന്നു. ഇത്തരത്തില്‍ മണിക്കൂറോളം തലയില്‍ കൈ വച്ച് കടയ്ക്ക് മുന്നില്‍ കുത്തിയിരിക്കുന്നത് പതിവു കാഴ്ചയായി. ബില്ലിലുള്ള ഫോണ്‍ നമ്പരില്‍ വിളിച്ചുനോക്കിയെങ്കിലും ഫോണ്‍ നിലവിലില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് പരാതിപ്പെട്ടു. തങ്ങളുടെ തുച്ഛമായ സമ്പാദ്യത്തില്‍ നിന്ന് ബാക്കി വച്ച പണം കൊടുത്തു പ്രിയപ്പെട്ടവര്‍ക്കായി അയച്ച സാധനങ്ങള്‍ എന്നെങ്കിലും ലഭിക്കാതിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
Post Your Comments