ചണ്ഡിഗഡ്•ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമൂഹത്തെ വഞ്ചിച്ചതായി ആരോപിച്ച്, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രംഗത്ത്.
13 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയയായ കണ്‍സോര്‍ഷ്യമാണ് 2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തീരുമാനമെടുത്തത്. കൂടാതെ രാജസ്ഥാന്‍, മധ്യപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ക്ക് കര്‍ഷകര്‍ വോട്ട് ചെയ്യില്ലെന്ന് കണ്‍സോര്‍ഷ്യം തീരുമാനമെടുത്തതായി പ്രസിഡന്റ് സത്നാം സിംഗ് ബെഹ്രു ചണ്ഡിഗഡില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിയെ സഹായിക്കാനല്ല ബി.ജെ.പി സ്ഥാനാര്‍ഥികളെ ബഹിഷ്കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് അല്ലെങ്കില്‍ ബിജെപി ഒഴികെയുള്ള ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ടു ചെയ്യാനാണ് ഞങ്ങള്‍ കര്‍ഷകരോട് ആഹ്വാനം ചെയ്തിരിക്കുന്നത്. കര്‍ഷകരോട് വഞ്ചന കാണിച്ച ബിജെപിയെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.’- സത്നാം പറഞ്ഞു.
2014 ലെ പ്രകടനപത്രികയില്‍ സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അധികാരത്തില്‍ എത്തിയ ശേഷം അത് നടപ്പാക്കാന്‍ തയ്യാറായില്ല.
സര്‍ക്കാരിനെ കര്‍ഷക-വിരുദ്ധര്‍ എന്ന് വിശേഷിപ്പിച്ച സത്നാം ഗോതമ്പിന്റെ താങ്ങുവില ക്വിന്റലിന് വെറും 105 രൂപ വര്‍ധിപ്പിച്ചുകൊണ്ട് ബി.ജെ.പി സര്‍ക്കാര്‍ ക്രൂരമായ തമാശ കളിക്കുകയാണെന്നും ആരോപിച്ചു.
Post Your Comments