നെടുങ്കണ്ടം: നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ചാരായം വാറ്റിയ യുവാവിനെ ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഓഫീസ് സംഘം അറസ്റ്റ് ചെയ്തു. ചെമ്മണ്ണാർ കൊച്ചുതാഴത്ത് വീട്ടിൽ സിജു(40) ആണ് പിടിയിലായത്. ചെമ്മണ്ണാർ-രാജകുമാരി റോഡിൽ സിജു പണിയുന്ന വീടിെന്റ പുറകുവശത്തെ മുറിയിലാണ് ചാരായംവാറ്റ് നടത്തിയിരുന്നത്. സിജുവും കുടുംബവും ഇവിടെതന്നെയാണ് താമസിച്ചിരുന്നതെന്നും എക്സൈസ് പറഞ്ഞു.
20 ലിറ്റർ ചാരായവും 200 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് പിടിച്ചെടുത്തു. സ്വന്തം ഉപയോഗത്തിനും അടുത്തദിവസം വീടിന്റെ വാർക്കപ്പണിക്ക് എത്തുന്ന തൊഴിലാളികൾക്ക് നൽകുന്നതിനുമാണ് ചാരായം വാറ്റിയതെന്ന് പ്രതി മൊഴി നൽകി .
പണി നടക്കുന്ന കെട്ടിടത്തിൽ പ്ലാസ്റ്റിക് കന്നാസിൽ സൂക്ഷിച്ച നിലയിലാണ് ചാരായം കണ്ടെത്തിയത്. സമീപത്തായി വാറ്റാനായി തയാറാക്കിയ 200 ലിറ്റർ കോടയും സൂക്ഷിച്ചിരുന്നു. ഇടുക്കി എക്സൈസ് െഡപ്യൂട്ടി കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments