കോയമ്പത്തൂര്‍: വീരപ്പനെ കൊലപ്പെടുത്താന്‍ സഹായിച്ച യുവതി പ്രതിഫലം ആവശ്യപ്പെട്ട് രംഗത്ത്. വീരപ്പനെ പിടികൂടാന്‍ പോലീസ് നടത്തിയ ഓപ്പറേഷന്റെ ഭാഗമായിരുന്നു കോയമ്പത്തൂരിലെ വടവല്ലി സ്വദേശിനിയായ എം. ഷണ്‍മുഖപ്രിയ എന്ന യുവതി. വീരപ്പന്റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിന് ചോര്‍ത്തി നല്‍കിയത് ഷണ്‍മുഖപ്രിയ ആയിരുന്നു. ഇവര്‍ നല്‍കിയ നിര്‍ണായക വിവരങ്ങളാണ് വീരപ്പനിലേക്ക് പോലീസിനെ നയിച്ചതും തുടര്‍ന്ന് ഏറ്റുമുട്ടലില്‍ വീരപ്പനെ കൊന്നതും.
2004ലാണ് പോലീസ് സംഘം വീരപ്പനെ ഏറ്റുമുട്ടലില്‍ കൊന്നത്. നേത്രശസ്ത്രക്രിയക്കായി നാട്ടിലെത്തിയ വീരപ്പനെ ആംബുലന്‍സ് തടഞ്ഞ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി അക്കാലത്ത് നാല് മാസത്തോളം ഷണ്‍മുഖപ്രിയയുടെ വീട്ടില്‍ താമസിച്ചിരുന്നു. മുത്തുലക്ഷ്മിയില്‍ നിന്ന് അക്കാലത്ത് ശേഖരിച്ച വിവരങ്ങളാണ് ഷണ്‍മുഖപ്രിയ പോലീസിന് കൈമാറിയത്. അയ്യപ്പനെ കുടുക്കാന്‍ പോലീസ് നടത്തിയ ഓപ്പറേഷന്‍ നേര്‍ത്തേണ്‍ സ്റ്റാര്‍ എന്ന ഓപ്പറേഷനെക്കുറിച്ച് ഇക്കാലമത്രയും മകള്‍ക്ക് പറഞ്ഞ് കൊടുക്കുന്ന കഥ മാത്രമായിരുന്നു ഷണ്‍മുഖപ്രിയയ്ക്ക്.
നിര്‍ണായക വിവരങ്ങള്‍ താന്‍ കൈമാറിയിട്ടും തനിക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ചാണ് അവര്‍ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. വീരപ്പനെ പോലീസ് വധിച്ച ഘട്ടത്തില്‍ വാക്കാല്‍ പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വാഗ്ദാനം പാഴ്വാക്കായി. തന്റെ പ്രതിഫലം ആവശ്യപ്പെട്ട് 2015ല്‍ ഷണ്‍മുഖപ്രിയ പ്രധാനമന്ത്രിയുടെ സെല്ലിന് കത്തയച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസിനേയും സമീപിച്ചിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് ഷണ്‍മുഖപ്രിയയുടെ പരാതി കൈമാറിയിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായിട്ടും യാതൊരു നടപടിയുമില്ല. സ്വന്തം ജീവന്‍ പണയം വച്ച് വിവരം കൈമാറിയ തനിക്ക് മതിയായ പ്രതിഫലം കിട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് ഷണ്‍മുഖപ്രിയ.
Post Your Comments