Latest NewsArticle

അറിയുമോ നിങ്ങളേക്കാള്‍ വലിയ ഫെമിനിസ്റ്റുകളാണ് അവര്‍

മഴയായാലും മഞ്ഞായാലും അതിരാവിലെ കുളിച്ച് അമ്പലത്തില്‍ പോയി ഇലക്കീറില്‍ ചന്ദനവും പൂവുമായി എത്തുന്ന അമ്മമാര്‍ക്ക് മുന്നിലാണ് അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സ്ത്രീകള്‍ ലിംഗസമത്വവും മനുഷ്യാവകാശവും പ്രസംഗിക്കുന്നത്. കേരളത്തിന്റെ മുക്കിലും മൂലയിലും ശരണം വിളികളുമായി അണിനിരക്കുന്ന അമ്മമാരെ ശ്രദ്ധിച്ചാല്‍ കാണാം കണ്ണുനീരോടെ കൈകള്‍ കൂപ്പിയാണ് അവര്‍ പ്രതിഷേധിക്കുന്നത്.

ശബരിമലയിലേക്കുള്ള കടന്നുകയറ്റത്തെ ചോദ്യം ചെയത് ‘സ്വാമിയേ അയ്യപ്പാ’ എന്ന് ഉറക്കെ വിളിച്ച് തെരുവുകളിലൂടെ ഒഴുകുന്ന അമ്മമാരും സ്ത്രീകളും.. ഫെമിനിസത്തിന്റെ പുതിയ തലങ്ങള്‍ കണ്ട് അമ്പരക്കുകയാണ് വ്യവസ്ഥാപിത സ്ത്രീപക്ഷക്കാര്‍. ഇതിന് മുമ്പ് ഒരു സമരത്തിന്റെയും ഭാഗമായിട്ടില്ലാത്തവരാണ് ആരും നിര്‍ബന്ധിക്കാതെ ആവശ്യപ്പെടാതെ ശരണം വിളികളുമായി തെരുവിലിറങ്ങുന്നത്. തോന്നിയ പോലെ ജീവിക്കാനും വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഇതിന് മുമ്പ് ഒട്ടേറെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി ‘ഞങ്ങള്‍ക്ക് ആ സ്വാതന്ത്ര്യം വേണ്ടെന്ന്’ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടുള്ള സ്ത്രീ മുന്നേറ്റത്തിനാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നത്.

സ്ത്രീപക്ഷവാദികളാല്‍ നിസാരരെന്നും പരാധീനരെന്നും പുച്ഛിച്ചു തള്ളപ്പെടുന്ന ഒരു വിഭാഗത്തിന്റെ ഇച്ഛാശക്തിയും നിലപാടുമാണ് വെളിപ്പെടുന്നത്. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി തങ്ങള്‍ വിശ്വസിക്കുന്ന മതത്തിനും സംസ്‌കാരത്തിനും നേരെ ഉയരുന്ന വെല്ലുവിളിയും കടന്നുകയറ്റവും ചോദ്യം ചെയ്യപ്പെടണമെന്ന് ഉറച്ച നിലപാടുണ്ട് പ്രതിഷേധസമരത്തിന്റെ ഭാഗമാകുന്നവര്‍ക്ക്. ശബരിമലയില്‍ നിലവിലുള്ള ആചരങ്ങള്‍ക്ക് ഭംഗം വരുത്തി ഒരു വിഭാഗം സ ്ത്രീകള്‍ക്കായി ക്ഷേത്രസംസ്‌കാരം മാറ്റി മറിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനെ എതിര്‍ക്കേണ്ടത് തങ്ങളുടെ കര്‍ത്തവ്യമാണെന്നും അവര്‍ വിശ്വസിക്കുന്നു. കേരളത്തിന്റെ മുക്കിലും മൂലയിലും ശരണം വിളികളുമായി അണിനിരക്കുന്ന അമ്മമാരെ ശ്രദ്ധിച്ചാല്‍ കാണാം കണ്ണുനീരോടെ കൈകള്‍ കൂപ്പിയാണ് അവര്‍ പ്രതിഷേധിക്കുന്നത്. നിക്ഷിപ്ത താത്പര്യങ്ങളോ സ്വാര്‍ത്ഥതയോ അണുവിട തീണ്ടാതെ വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടത്തിനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. നാളിതുവരെ കൊണ്ടുനടന്ന വിശ്വാസങ്ങളൊന്നും ആരെയും നോവിക്കുന്നതോ അപമാനിക്കുന്നതോ അല്ലെന്ന ഉറച്ച വിശ്വാസമുണ്ട് പ്രതിഷേധത്തിന്റെ ഭാഗമാകുന്ന ഓരോ സ്ത്രീക്കും.

ശബരിമലയില്‍ കയറി അയ്യപ്പസ്വാമിയെ വണങ്ങണമെന്ന് ബഹുഭൂരിപക്ഷം വരുന്ന വിശ്വാസികളും ആഗ്രഹിക്കുന്നില്ല എന്നിരിക്കെ സമത്വത്തിന്റെ പേരില്‍ കേവലം ഒരു ന്യൂനപക്ഷത്തിനായി ആചാരങ്ങളും ക്ഷേത്രവിശുദ്ധിയും കീഴ്മേല്‍ മറിക്കാനാണ് സുപ്രീംകോടതി വിധിയുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ത്തവാവസ്ഥയിലും അമ്പലങ്ങളില്‍ കയറുമെന്നും മല കയറി അയ്യപ്പനെ ദര്‍ശിക്കുമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തുന്നവരില്‍ നല്ലൊരു പങ്കും ഹിന്ദു മതത്തിലോ ആചാരങ്ങളിലോ സംസ്‌കാരങ്ങളിലോ വിശ്വസിക്കാത്തവരാണ്. ലിംഗ സമത്വത്തിന്റെ പേരില്‍ ഒരു വിഭാഗത്തിന്റെ വിശ്വാസത്തിലും ആചാരങ്ങളിലുമുള്ള ഈ കടന്നുകയറ്റം ഇനിയും കൈ കെട്ടി നോക്കിനില്‍ക്കാനാകില്ലെന്നാണ് ആ മതത്തില്‍ വിശ്വസിക്കുന്ന, ആചാരങ്ങള്‍ അനുവര്‍ത്തിക്കുന്ന ഒരോ സ്ത്രീയും വിളിച്ചു പറയുന്നത്.

വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിക്കുന്ന വനിതകള്‍ ഒരുപാടുണ്ട്. ബുദ്ധിയും സ്മാര്‍ട്ട്നസ്സും ആവോളമുള്ള അവര്‍ക്ക് ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വളരെ പെട്ടന്ന് കഴിഞ്ഞെന്ന് വരും. വിജയം എന്ന മൂന്നക്ഷരം തെളിയിക്കുന്ന സാധ്യതകളില്‍ തങ്ങളെ തളച്ചിട്ടുകൊണ്ടുള്ള പ്രയാണമാണത്. .പക്ഷേ ആത്മസമര്‍പ്പണത്തിന്റെയും സഹനത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുക എന്നത് അത്ര എളുപ്പമല്ല. അതിരാവിലെ എഴുന്നേറ്റ് മഴയായാലും മഞ്ഞായാലും കുളിച്ച് അമ്പലത്തില്‍ പോയി ഇലക്കീറില്‍ ചന്ദനവും പൂവുമായി എത്തുന്ന അമ്മമാര്‍ക്ക് മുന്നിലാണ് അവരുടെ വിശ്വാസങ്ങളെ വെല്ലുവിളിച്ച് ഒരു വിഭാഗം സ്ത്രീകള്‍ ലിംഗസമത്വവും മനുഷ്യാവകാശവും പ്രസംഗിക്കുന്നത്. ആയുസുമുഴുവന്‍ കുടുംബത്തിനായി ചെലവഴിക്കുന്ന അമ്മമാര്‍ തങ്ങള്‍ ചെയ്യുന്നതെല്ലാം അക്കമിട്ട് നിരത്തി കണക്കുപറയുകയില്ല. പക്ഷേ കുടുംബത്തിലെ എല്ലാ കാര്യങ്ങളിലും അവരുടെ ജാഗ്രതയും സൂക്ഷ്മതയുമുണ്ടായിരിക്കും. അമര്‍ത്യസെന്നിനെ വെല്ലുന്നവിധം കണക്കുകൂട്ടലുകള്‍ നടത്തി അവര്‍ കുടുംബഭദ്രത ഉറപ്പാക്കുന്നുണ്ട്. പോരാത്തതിന് ഒരു ഡോക്ടറുടെ ജാഗ്രതയോടും കരുതലോടും തന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും ആരോഗ്യപരിവാലനവും ഏറ്റെടുക്കുന്നു.

തെരുവുകളില്‍ സമത്വവും സ്ത്രീശക്തിയും ഉദ്ഘോഷിക്കാന്‍ ഈ പാവങ്ങള്‍ ഒരിക്കലും പോകാറില്ല. സ്ത്രീ ശാക്തീകരണ സെമിനാറുകളില്‍ കയ്യടി വാങ്ങുന്ന തീസിസുകളൊന്നും സമര്‍പ്പിക്കാറുമില്ല. പകരം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് വീഴ്ച്ച വരുത്താതെ ഒരു ഭരണാധിപന്റെ മികവോടെ ശാസിച്ചും സ്നേഹേിച്ചും കുടുംബത്തെ അവര്‍ നയിക്കും. അങ്ങനെ ഫെമിനിസ്റ്റ് വേഷധാരികളെ നിഷ്പ്രഭരാക്കുന്ന കര്‍ത്തവ്യബോധവും കര്‍മനിപുണതയും കാഴ്ച് വയ്ക്കും. ചുരുക്കത്തില്‍ ഒന്നുമറിയാത്തവരോ നിഷ്‌ക്രിയരോ അല്ല ഒരു ശരാശരി ഹിന്ദു സ്ത്രീ. വേണ്ടപ്പോള്‍ വേണ്ടതുപോലെ പ്രതികരിക്കാനും ഇടപെടാനും നന്നായി അറിയുന്നവരാണവര്‍. ആ പ്രതികരണമാണ് ഇപ്പോള്‍ കേരളത്തില്‍ മാറ്റൊലി കൊള്ളുന്നത്.

ദൗര്‍ഭാഗ്യവശാല്‍ ഫെമിനിസവും സ്ത്രീശാക്തീകരണവും പാരമ്പര്യത്തെ എതിര്‍ത്തുകൊണ്ടായിരിക്കണം എന്നൊരു കാഴ്ച്ചപ്പാട് പുതിയ തലമുറയില്‍ ഉറച്ചിട്ടുണ്ട്. പരസ്യമായി ചുംബിച്ചും ആര്‍ത്തവരക്തം പ്രദര്‍ശിപ്പിച്ചും സ്ത്രീ ശക്തിയും സമത്വവും തെളിയിച്ച് തനിക്ക് തോന്നിയ പോലെ ജീവിക്കാനുള്ള സ്വാതന്ത്ര്യസമരത്തിലാണ് അവര്‍. വെട്ടിപ്പിടിക്കാനുള്ള പാച്ചിലില്‍ ക്ഷമയുടെയും സഹനത്തിന്റെയും ബാലപാഠങ്ങള്‍ പോലും അവര്‍ക്ക് പഠിക്കാനാകുന്നില്ല. ‘എല്ലാം എനിക്കെന്നും’ ‘ഞാന്‍ ആദ്യം’ എന്നും ശീലിച്ച് വളരുമ്പോള്‍ ഒന്നില്‍ നിന്നും മാറി നില്‍ക്കാനോ എന്തെങ്കിലും വേണ്ടെന്ന് വയ്ക്കാനോ ഉള്ള മനസുണ്ടാകില്ല. ശബരിമലയില്‍ സ്ത്രീസമത്വം പാലിക്കപ്പെടുന്നില്ല എന്നത് സത്യം തന്നെയാണ്. പക്ഷേ ലിംഗസമത്വത്തിനല്ല അവിടെ പ്രസക്തിയെന്നും അതിലുമുപരി ആ പുണ്യസങ്കേതത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്ന ഘടകങ്ങള്‍ മറ്റ് പലതുമാണെന്നും തിരിച്ചറിയണം. അയ്യപ്പനെ ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന സ്ത്രീകള്‍ ഒരുപാടുണ്ട്. അവരില്‍ ഒരു ശതമാനം പോലും ശബരിമലയില്‍ നേരിട്ടെത്തി ദര്‍ശനം വേണമെന്ന് ആഗ്രഹിക്കുന്നില്ല. പക്ഷേ ക്ഷേത്രങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്യുന്ന സമത്വവാദികള്‍ക്ക് അവിടെ എത്തിയേ തീരൂ.

അമ്മയാണ് കുഞ്ഞിനെ വളര്‍ത്തുന്നത്. അമ്മയുടെ വിരള്‍ത്തുമ്പില്‍ പിടിച്ചാണ് അവന്‍ ലോകം കാണുന്നത്. നന്‍മയുടെയും സ്നേഹത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും കഥകള്‍ക്കൊപ്പം വിശ്വാസത്തിന്റെയും ആചാരത്തിന്റെയും കഥകള്‍ കൂടി കുഞ്ഞ് കേട്ടുവളരുന്നു. കാണാമറയത്തൊരു ഈശ്വരനുണ്ടെന്നും തെറ്റുകള്‍ക്കും കുറ്റങ്ങള്‍ക്കും അവന്‍ സാക്ഷിയാണെന്നും ശിക്ഷിക്കപ്പെടുമെന്നും അമ്മയോ മുത്തശിയോ പറഞ്ഞാണ് കുഞ്ഞ് കേള്‍ക്കുന്നത്. ധര്‍മാധര്‍മബോധത്തിന്റെ ആദ്യപാഠങ്ങളാണത്. പകരം ലിംഗസമത്വവും സ്വാതന്ത്ര്യവുമാണ് വലുതെന്നും തന്റെ വിശ്വാസങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അമ്മ പറയുമ്പോള്‍ ആരോടും വിധേയത്വമില്ലാതെ ആരെയും മാനിക്കാതെ കുഞ്ഞ് വളരും. അരാജകത്വത്തിന്റെ ഒരു ലോകം അവനെ കാത്തിരിക്കും. അതുകൊണ്ട് സമത്വവാദികളേ, നിര്‍ദോഷങ്ങളായ കുറച്ചു നുണകളിലൂടെ ഭാവനകളിലൂടെ ആചാരങ്ങളിലൂടെ അവനെ വളര്‍ത്തൂ, അവന്‍ അന്ധവിശ്വാസിയോ പാരമ്പര്യവാദിയോ ആയിപ്പോകില്ല. മറിച്ച് കാണാമറയത്തെ ആ ശക്തിയെ വിശ്വസിച്ച്, അവനെ ഭയന്ന് തെറ്റുകളില്‍ നിന്ന് അകന്നു ജീവിക്കാന്‍ ശീലിക്കട്ടെ. അതുകൊണ്ട് നിങ്ങള്‍ക്കെന്ത് നഷ്ടം!

shortlink

Related Articles

Post Your Comments

Related Articles


Back to top button