ചെങ്ങന്നൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ സി.പി.എം നോമിനിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി ആദ്യം രംഗത്ത് വന്നിരുന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സര്‍ക്കാര്‍ തീരുമാനത്തിനനുസരിച്ച് പിന്നീട് നിലപാട് മാറുകയായിരുന്നു. അയ്യപ്പഭക്തരായ തന്റെ കുടുംബത്തില്‍ നിന്നുള്ളസമ്മര്ദ്ദമാണ് പദ്മകുമാറിന്റെ രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് സൂചന.
ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുന്നതോടൊപ്പം തന്റെ രാജി സന്നദ്ധതയും അറിയിക്കുമെന്നാണ് വിവരം. സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോര്‍ഡ് റിവ്യൂ ഹര്‍ജി നല്‍കേണ്ടതില്ലെന്ന് യോഗം ചേര്‍ന്ന് തീരുമാനം എടുത്തതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ഒരുങ്ങുന്നത് സി.പി.എമ്മിനുള്ളില്‍ തന്നെയുള്ള അതൃപ്തിയാണ് മറനീക്കുന്നത്.
എന്നാൽ . പ്രാദേശിക തലത്തില്‍ സ്ത്രീ പ്രവേശനത്തിനെതിരെയുള്ള വികാരം കനക്കുമ്പോള്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ കൂടിയുള്ള തീരുമാനമാണ് രാജിസന്നദ്ധതയ്ക്ക് പിന്നിലെന്നാണ് അറിയുന്നത്.കടുത്ത പാര്‍ട്ടിക്കാരനായ പദ്മകുമാറിന് പാര്‍ട്ടിയെ ധിക്കരിക്കാനും വൈമനസ്യമുണ്ട്. അതേസമയം അയ്യപ്പഭക്തരുടെ വികാരത്തിനെതിരായ നിലപാടെടുക്കരുതെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സമ്മര്‍ദ്ദമാണ് പദ്മകുമാറിനെ കുഴയ്ക്കുന്നത്.
കൂടാതെ പത്തനംതിട്ടയില്‍ വലിയൊരു ശതമാനം വരുന്ന സഖാക്കളും അയ്യപ്പ ഭക്തരാണെന്ന തിരിച്ചറിവ് പുതിയ വിവാദത്തോടെ സി.പി.എമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. സി.പി.എമ്മിലെ വിശ്വാസി സമൂഹം പദ്മകുമാര്‍ രാജിവച്ച് പ്രതിഷേധം അറിയിക്കണമെന്ന് ആവശ്യപ്പെടുന്നതായും അറിയുന്നു. പലരും സമൂഹ മാദ്ധ്യമങ്ങളിലൂടെ അഭിപ്രായപ്രകടനം നടത്താനും തുടങ്ങിയിട്ടുണ്ട്.
Post Your Comments