തിരുവനന്തപുരം: ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ കുരിശ് രൂപത്തിൽ നിർമ്മിക്കുന്ന മണിമന്ദിരത്തിന്റെ നിർമ്മാണം നിർത്തിവെച്ചു. മണിമന്ദിരം നിർമ്മിക്കുന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചത്. മണിമന്ദിരത്തിന്റെ നിർമ്മാണം ക്ഷേത്രവാസ്തുവിന് വിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. ക്ഷേത്രമുറ്റത്തെ ഈ കുരിശുരൂപം ക്ഷേത്രാചാരങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആരോപണം.
അഞ്ച് ലക്ഷം രൂപ ചെലവ് വരുന്ന മണിമന്ദിരം പ്രവാസിയായ രഞ്ജിത്ത് ശങ്കർ വഴിപാടായി നിർമ്മിച്ച് നൽകുന്നതാണ്. മണിമന്ദിരത്തിന്റെ നിർമ്മാണ ചുമതല ക്ഷേത്ര ഉപദേശക സമിതിയ്‌ക്ക് ആയിരുന്നു. കുരിശ് രൂപത്തിൽ മണിമന്ദിരം ഉയർന്നതിന് പിന്നാലെ ഇതിന്റെ നിർമ്മാണം നിർത്തിവെയ്‌ക്കാൻ നിർദ്ദേശിച്ചതായി രഞ്ജിത്ത് ശങ്കർ വ്യക്തമാക്കി. കുരിശ് ആകൃതിയിലുള്ള മണിമന്ദിരത്തിന് മാറ്റം വരുത്തുമെന്ന് ഉപദേശക സമിതി സെക്രട്ടറി പി സാഹു അറിയിച്ചു.
Post Your Comments