ജക്കാര്‍ത്ത: ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനുപിന്നാലെ 150- ഓളം തുടര്‍ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലുണ്ടായത്. ദ്വീപില്‍ മൂന്നര ലക്ഷത്തിലേറെപ്പേര്‍ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേര്‍ മരിച്ചതെന്നാണ് വിവരം. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം.
മൃതദേഹങ്ങള്‍ മണ്ണില്‍ പൊതിഞ്ഞ നിലയില്‍ ബീച്ചില്‍ അടുങ്ങി കിടക്കുകയാണ്. പാലുവിലെ തകര്‍ന്ന എട്ടുനിലകളുള്ള റോവ ഹോട്ടലിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇപ്പോഴും കൂട്ടനിലവിളി ഉയരുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. 50-ഓളം പേര്‍ ഇതിനിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. ഇവരെ രക്ഷപ്പെടുത്താന്‍ വലിയ ഉപകരണങ്ങള്‍ ഉണ്ടെങ്കിലേ സാധ്യമാവൂ. വെള്ളിയാഴ്ച ആരംഭിക്കാനിരുന്ന ബീച്ച് ഉത്സവത്തിന് തയ്യാറെടുക്കുകയായിരുന്ന നൂറുകണക്കിനു പേരെക്കുറിച്ച് ഇതുവരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.
Post Your Comments