![](/wp-content/uploads/2018/05/sbi-image.png)
പാലക്കാട്: സാധാരണക്കാര്‍ക്ക് എട്ടിന്റെ പണിയുമായി എസ്ബിഐ, ദിവസം പിന്‍വലിക്കാവുന്ന തുക കുറയ്ക്കുന്നു. മാസ്ട്രോ, ക്ലാസിക് എന്നീ ഗണത്തില്‍പെട്ട എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കുന്ന സാധാരണക്കാരെയാണ് എസ്ബിഐയുടെ പുതിയ തീരുമാനം ഏറെ ബാധിക്കുന്നത്. അക്കൗണ്ട് ഉടമകള്‍ക്ക് എടിഎമ്മുകളില്‍ നിന്നും പ്രതിദിനം പിന്‍വലിക്കാവുന്ന തുക 20,000 രൂപയാക്കി വെട്ടിക്കുറച്ചാണ് എസ്ബിഐ സാധാരണക്കാര്‍ക്ക് പണി നല്‍കിയിരിക്കുന്നത്.
നിലവില്‍ 40,000 രൂപയാണ് പ്രതിദിനം എടിഎമ്മുകളില്‍ നിന്നും പിന്‍വലിക്കാവുന്ന തുക. പുതിയ നിയമം ഒക്ടോബര്‍ 31 മുതല്‍ പ്രാബല്യത്തില്‍ വരും. എടിഎം കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പു തടയാനും കറന്‍സിരഹിത ഇടപാട് പ്രോല്‍സാഹിപ്പിക്കാനുമാണു ഈ നടപടിയെന്നു എസ്ബിഐ വ്യക്തമാക്കി. എന്നാല്‍, മറ്റു ബാങ്കുകളൊന്നും പണം പിന്‍വലിക്കാനുള്ള പരിധി വെട്ടിക്കുറച്ചിട്ടില്ല. നോട്ട് അസാധുവാക്കലിനു ശേഷം എടിഎം വഴിയുള്ള ഇടപാടുകള്‍ 20% കുറഞ്ഞതായാണ് എസ്ബിഐ അവകാശപ്പെടുന്നത്.
അതേസമയം ഉയര്‍ന്ന അക്കൗണ്ട് ഉടമകള്‍ക്കു ലഭിക്കുന്ന സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എടിഎം കാര്‍ഡുകള്‍ക്കും കറന്റ് അക്കൗണ്ട് ഉടമകള്‍ക്കും പരിധി ബാധകമല്ല.സേവന നിരക്കില്ലാതെ എടിഎം വഴി പണം പിന്‍വലിക്കാനുള്ള പരിധി അഞ്ചായി തുടരും. ഇതു മൂന്നായി ചുരുക്കണമെന്നാവശ്യപ്പെട്ട് എസ്ബിഐ ഉള്‍പ്പെടെയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. പണമില്ലാത്ത എടിഎമ്മുകളില്‍ ഇടപാടുകള്‍ നടത്തുമ്പോഴും ഉപഭോക്താക്കളില്‍ നിന്നു സേവന നിരക്ക് ഈടാക്കുന്നതു നിര്‍ത്തലാക്കാന്‍ തീരുമാനമായില്ല.
Post Your Comments