തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒളിവിലാണെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസിന്‍റെ റിപ്പോർട്ട്. ഇതിനെ തുടർന്ന് കോടതി മന്ത്രിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്‍റെ സ്ഥാവര ജംഗമ സ്വത്തുക്കൾ ജപ്തി ചെയ്യാനും കോടതി നിർദ്ദേശിച്ചു. മൂന്ന് വർഷം മുൻപുള്ള വഴിതടയൽ സമരത്തിലാണ് പൊലീസിന്റെ റിപ്പോർട്ട്.
2015ൽ നഗരത്തിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും വാഹന ഗതാഗതം തടസ്സപ്പെടുത്തിയും റോഡ് ഉപരോധിച്ചതിനാണ് അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു കടകംപള്ളി സുരേന്ദ്രനെ പ്രതിയാക്കി മ്യൂസിയം പൊലീസ് കേസെടുത്തത്. നിരവധി തവണ വാറണ്ടിട്ടിട്ടും കടകംപള്ളിയെയും മറ്റൊരു പ്രതി മുൻമേയർ സി ജയൻ ബാബുവിനെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. മന്ത്രി ഒളിവിലാണെന്നായിരുന്നു പൊലീസ്ന്റെ റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ മന്ത്രിയായ കടകംപള്ളിയെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചത്. നിയമസഭാ സാമാജികർ പ്രതികളായ ക്രിമിനൽ കേസുകളുടെ വിചാരണയ്ക്കായി രൂപീകരിച്ച എറണാകുളത്തെ പ്രത്യേക കോടതിയിലേക്ക് കേസിന്റെ രേഖകൾ മജിസ്ട്രേറ്റ് ടി രഞ്ജിത്ത് കൈമാറി. ഇനി കേസിന്റെ വിചാരണ പ്രത്യേക കോടതിയിലാകും നടക്കുക.
Post Your Comments