Latest NewsKeralaIndia

ജഡ്‌ജിമാര്‍ ശബരിമലയെ കണ്ടത്‌ വിശ്വാസികളിലൂടെയല്ല, സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ വെല്ലുവിളികൾ ഇങ്ങനെ

ഒരു പ്രാദേശിക സമൂഹം വച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ ദേശീയതയുടെ പേരില്‍ ഇല്ലാതാക്കുന്നതു ശരിയല്ലെന്നാണു മറുപക്ഷം.

ശബരിമലയില്‍ സ്‌ത്രീകള്‍ക്കു പ്രായഭേദമില്ലാതെ പ്രവേശനമനുവദിച്ച സുപ്രീംകോടതി വിധി തികച്ചും ഭരണഘടനാധിഷ്‌ഠിതമാണ്‌. വിശ്വാസത്തിന്റെ വിഷയം ഇവിടെ വന്നിട്ടില്ല. മതപരമായി നിലനിന്നുപോരുന്ന ആചാരങ്ങള്‍ സമൂഹത്തെ ഹാനികരമായി ബാധിക്കുന്ന തരത്തിലല്ലെങ്കില്‍ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന വാദം ശക്‌തമായി ഉയരുന്നുണ്ട്‌. മതങ്ങളുടെ താരതമ്യവും മതാചാരങ്ങളെക്കുറിച്ചുള്ള കോടതികളുടെ തീരുമാനവും തര്‍ക്കവിഷയമാണ്‌.

സമത്വം, സാഹോദര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ അടിസ്‌ഥാന പ്രമാണങ്ങളില്‍ ഊന്നിയുള്ള നിയമസങ്കല്‍പ്പമാണു നമ്മുടെ രാജ്യത്തുള്ളത്‌. ഇതിനെ പോഷിപ്പിക്കുന്ന ഉത്തരവുകളും നിലപാടുകളുമാകും നീതിപീഠങ്ങളില്‍നിന്നുണ്ടാകുക. സ്‌ത്രീയാണെന്ന കാരണത്താല്‍ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതു ഭരണഘടനാപ്രകാരം നിലനില്‍ക്കുന്നതല്ല. ലിംഗസമത്വമെന്ന നയം മുന്‍നിര്‍ത്തി സ്‌ത്രീകളെ പ്രവേശിപ്പിക്കണമെന്ന നിലപാടാണു സംസ്‌ഥാന സര്‍ക്കാര്‍ എടുത്തത്‌. എന്നാല്‍, മറിച്ചായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ നിലപാട്‌.

ആര്‍.എസ്‌.എസ്‌. സ്‌ത്രീ പ്രവേശനത്തെ അനുകൂലിച്ചിരുന്നുവെന്നതാണ്‌ എടുത്തുപറയേണ്ട വസ്‌തുത. ഉത്തരേന്ത്യയില്‍ പ്രബലമായ സംഘടനയായതിനാല്‍ അവിടത്തെ രീതിയാണ്‌ ആര്‍.എസ്‌.എസ്‌. സ്വീകരിച്ചത്‌. ഉത്തരേന്ത്യയില്‍ സ്‌ത്രീകള്‍ അമ്പലത്തില്‍ പോകുന്നതിന്‌ ആര്‍ത്തവകാലത്തും വിലക്കില്ല. എന്നാല്‍, ഒരു പ്രാദേശിക സമൂഹം വച്ചുപുലര്‍ത്തുന്ന വിശ്വാസത്തെ ദേശീയതയുടെ പേരില്‍ ഇല്ലാതാക്കുന്നതു ശരിയല്ലെന്നാണു മറുപക്ഷം. ജല്ലിക്കെട്ട്‌ സുപ്രീംകോടതി നിരോധിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധമുണ്ടായി. ശക്‌തമായ പ്രാദേശികവികാരത്തെ മറികടന്നു ദേശീയധാരയുടെ ഭാഗമായിക്കണ്ടു വിധി പറഞ്ഞതാണു പ്രശ്‌നമായത്‌.

സ്‌ത്രീ പ്രവേശനം ശബരിമലയില്‍ നിഷേധിച്ചതിനു പകരം പത്തനംതിട്ട പെരിനാട്‌ ക്ഷേത്രത്തില്‍ സ്‌ത്രീകള്‍ക്കു പോകാന്‍ അനുവാദം നല്‍കിയിട്ടുണ്ട്‌. തിരുവാഭരണം ഈ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിട്ടാണു ശബരിമലയിലേക്കു കൊണ്ടുവരുന്നത്‌. ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ അതേ ഛായയിലും പൂര്‍ണതയിലുമാണ്‌ പെരിനാട്‌ അമ്ബലത്തിലെ വിഗ്രഹം. ആര്‍ത്തവ സമയത്തു സ്‌ത്രീകള്‍ ആരാധനാലയത്തില്‍ പോകുന്നതു വിലക്കുന്നത്‌ കേരളീയ പാരമ്പര്യമാണ്‌. ഇവിടത്തെ എല്ലാ മതങ്ങളും ഇതു പാലിക്കുന്നുണ്ട്‌. ഇതിന്റെ നിയമസാധുത സുപ്രീംകോടതി ചോദ്യംചെയ്‌തതു ഭരണഘടനയുടെ അടിസ്‌ഥാനത്തില്‍ മാത്രമാണ്‌.

തുടര്‍ന്നു വിധി തിരുത്തേണ്ടിവന്നു. ഇതിനിടെ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച്‌ സുപ്രീം കോടതിയുടെ വിധി വന്ന പശ്ചാത്തലത്തില്‍ ശബരിമലയില്‍ 100 ഏക്കര്‍ സ്ഥലം വിട്ടു തരണമെന്ന് ദേവസ്വം ബോര്‍ഡ് വനം വകുപ്പിനോട് ആവശ്യപ്പെടും. സ്ത്രീകള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് ഭൂമി. അടുത്ത ബുധനാഴ്ച ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക ക്യൂ അനുവദിക്കുന്ന കാര്യവും പരിഗണിക്കും. വനം വകുപ്പിനോട് സ്ഥലം വിട്ടു തരണമെന്ന് സര്‍ക്കാര്‍ മുഖാന്തിരം ആവശ്യപ്പെടാനാണ് ബോര്‍ഡ് ആലോചിക്കുന്നത്.

തീര്‍ഥാടനകാലം ആരംഭിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ എത്രയും വേഗം തന്നെ സൗകര്യങ്ങള്‍ ഒരുക്കേണ്ട ചുമതല ദേവസ്വം ബോര്‍ഡിനുണ്ട്. ഇതിനു വേണ്ട കാര്യങ്ങള്‍ സര്‍ക്കാരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ വെള്ളിയാഴ്ച മാധ്യമങ്ങളെ അറിയിച്ചു. സ്ത്രീകളെ പതിനെട്ടാം പടി കടത്തിവിടുന്നതിനെ കുറിച്ചുള്ള കാര്യങ്ങളും തീരുമാനിക്കും.

അതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ശബരിമലയില്‍ കിഫ്ബി സഹായത്താടെ നടത്തിവരുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത് മുന്നോട്ട് കൊണ്ടുപോകാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ബുധനാഴ്ചത്തെ യോഗത്തിനു ശേഷമേ അന്തിമതീരുമാനമാവൂ എന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button