ആലപ്പുഴ: മാരക ഇനത്തിലുള്ള മയക്കുമരുന്നുമായി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍. നൈട്രാസെപ്പാം ഇനത്തില്‍ പെട്ട ഗുളികകളുമായി കായംകുളം സ്വദേശിയായ യുവാവിനെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കായംകുളം മുനിസിപ്പാലിറ്റി കായംകുളം മുറിയില്‍ പഴയതെരുവ് വീട്ടില്‍ ഷെറിനെയാണ്(29) പ്രത്യേക സംഘം പിടികൂടിയത്. കായംകുളം മാര്‍ക്കറ്റ്, റെയില്‍ വേ സ്റ്റേഷന്‍ പരിസരത്ത് ലഹരി ഗുളികകള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു.
ചെന്നൈയിൽ ജോലി ചെയ്യുന്ന പ്രതി അവധിക്ക് വരുമ്പോഴാണ് ലഹരി മരുന്ന് വിത്പന നടത്തിയിരുന്നത് യ. 10 ഗുളികകള്‍ വീതം ഉള്ള 5 സ്ട്രിപ്പ് ആയി ആകെ 50 ഗുളികകള്‍ ആണ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും കഞ്ചാവും പിടികൂടി. ഇയാള്‍ കഴിഞ്ഞ എട്ട് വര്‍ഷമായി ലഹരി ഗുളികകള്‍ ഉപയോഗിച്ച് വരുന്നു. കടുത്ത മാനസിക അസ്വാസ്ത്യം ഉള്ളവര്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും വേദന സംഹാരിയായി ഉപയോഗിക്കുന്ന അതീവ മാരക ഇനത്തില്‍പെട്ട ‘നൈട്രോസണ്‍’ എന്ന ബ്രാന്‍ഡ് നെയിമിലുള്ള നൈട്രാസെപ്പാം ഗുളികകള്‍ സണ്‍, പെല്ലറ്റ്, പിത്സ് എന്നീ അപരനാമത്തില്‍ ആണ് ആവശ്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. കടുത്ത നിയന്ത്രണങ്ങള്‍ ഉള്ള ഒ ഷെഡ്യൂളില്‍പെടുന്ന ഇത്തരം മയക്കുമരുന്ന് ഗുളികകള്‍ രജിസ്റ്റേര്‍ഡ് ഡോക്ടര്‍മാരുടെ കുറിപ്പടി ഉണ്ടെങ്കില്‍ മാത്രമേ വിൽക്കാന്‍ പാടുള്ളൂ. അനധിക്യതമായി ഇത്തരം ഗുളികകള്‍ കൈവശം വയ്ക്കുന്നവര്‍ക്ക് പരമാവധി 20 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യം ആണ്.
അമിതമായ വിലയാണ് ഇയാൾ ആവശ്യക്കാരിൽ നിന്നും വാങ്ങിയിരുന്നത്. 10 ഗുളികകള്‍ വരുന്ന 1 സ്ട്രിപ്പ് ഗുളികള്‍ പരമാവധി 45 രൂപയ്ക്ക് ലഭിക്കുമ്പോള്‍ 500 രൂപ നിരക്കിലാണ് ഇയാള്‍ ആവശ്യക്കാര്‍ക്ക് വില്പന നടത്തി വരുന്നത്. കൂടുതൽ പേർ നിരീക്ഷണത്തിലാണെന്ന് പോലീസ് പറഞ്ഞു.
Post Your Comments