ഭോപ്പാല്‍: വ്യാപം അഴിമതിക്കേസിൽ സമർപ്പിച്ച രേഖകൾ വ്യാജമാണെന്നും കെട്ടിച്ചമച്ച രേഖകളുണ്ടാക്കി കോടതിയെയും കേസ് അന്വേഷിച്ച മൂന്ന് ഏജന്‍സികളെയും ഈ നേതാക്കള്‍ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉള്ള പരാതിയിൽ മൂന്നു പ്രമുഖ കോൺഗ്രസ്സ് നേതാക്കൾക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്.കൂടാതെ വ്യാപം അഴിമതി കേസ് ഉയർത്തിക്കൊണ്ടു വന്നതിൽ മുഖ്യപങ്ക് വഹിച്ച പ്രശാന്ത് പാണ്ഡെക്കെതിരെയും കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. വ്യാപം അഴിമതിക്കേസിന്റെ നടപടികള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമാണ്.
ഈ രണ്ട് മേല്‍ക്കോടതികളിലും ദിഗ്വിജയ് സിങും മറ്റുള്ളവരും സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന പരാതിയിലാണ് പുതിയ നടപടി. അഭിഭാഷകനായ സന്തോഷ് ശര്‍മയാണ് പരാതിക്കാരന്. കോടതി കേസെടുക്കാന്‍ നിര്‍ദേശിച്ച വിവരം അദ്ദേഹം തന്നെയാണ് പരസ്യമാക്കിയത്. ഭോപ്പാലിലെ ശ്യാമള ഹില്‍സ് പോലീസിനോടാണ് കേസെടുത്ത് വിശദമായ റിപ്പോര്‍ട്ട് നവംബര്‍ 13ന് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മധ്യപ്രദേശ് ബിജെപിയുടെ ലീഗല്‍ സെല്ലിന്റെ പ്രധാന ഭാരവാഹിയാണ് സന്തോഷ് ശര്‍മ. വ്യക്തിപരമായിട്ടാണ് ഈ കേസുമായി മുന്നോട്ട് പോകുന്നതെന്നും മറ്റു താല്‍പ്പര്യങ്ങളില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.
വ്യാപം കേസിന്റെ ദിശ മാറ്റിയത് കോണ്‍ഗ്രസ് നേതാക്കള്‍ ഹാജരാക്കിയ രേഖകളാണ്. ഈ രേഖകള്‍ വ്യാജമായി ഉണ്ടാക്കിയതാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചതെന്ന് സന്തോഷ് ശര്‍മ പറയുന്നു. ഭോപ്പാലിലെ പ്രത്യേക കോടതിയിലാണ് വ്യാപം കേസിന്റെ വിചാരണ നടക്കുന്നത്.സപ്തംബര്‍ 19ന് കോടതിയില്‍ ദിഗ്വിജയ് സിങ് ഹാജരായിരുന്നു. പ്രതികള്‍ക്കെതിരായ നിര്‍ണയാക തെളിവാകുമെന്ന് കരുതുന്ന ഹാര്‍ഡ് ഡിസ്കും 27000 പേജുള്ള രേഖകളും ദിഗ്വിജയ് സിങ് ഹാജരാക്കുകയുണ്ടായി. പ്രതികള്‍ക്കെതിരായ തെളിവിന്റെ ഒറിജിനല്‍ ഹാര്‍ഡ് ഡിസ്കാണ് ഹാജരാക്കിയതെന്ന് ദിഗ്വിജയ് സിങ് പറഞ്ഞിരുന്നു.
എന്നാല്‍ ഈ രേഖകള്‍ വ്യാജമാണെന്നാണ് ആരോപണം.നേരത്തെ കേസിലെ തെളിവുകള്‍ അടങ്ങുന്ന ചില ഹാര്‍ഡ് ഡിസ്ക്കുകള്‍ പോലീസിന് കൈമാറിയിരുന്നു. ഇവ പോലീസ് കേടുവരുത്തിയെന്നാണ് ദിഗ്വിജയ് സിങ് പറയുന്നത്. 2013ലാണ് വ്യാപം അഴിമതിക്കേസ് പുറത്തായത്. കഴിഞ്ഞദിവസം ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിയുണ്ടായിരുന്നു.ഛത്തീസ്ഗഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബാഗലിനെ സിബിഐ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. സിബിഐ ഇദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു കോടതി നടപടി.
ബിജെപി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ വ്യാജ സെക്സ് സി ഡി ചമച്ചതിനാണ് ഇയാൾക്കെതിരെ കേസ്. മന്ത്രിമാരെ കുടുക്കാൻ കെട്ടിച്ചമച്ച രേഖകളാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
Post Your Comments