Latest NewsGulf

കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം

കുവൈറ്റ്: കുവൈറ്റില്‍ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നിര്‍ബന്ധം.വിദേശികളുടെ പ്രൊഫഷണല്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് രാജ്യത്തെ അതത് അസോസിയേഷനുകളുടെ അംഗീകാരം നിര്‍ബന്ധമാക്കുന്നു. നേരത്തെ എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് കുവൈറ്റ് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരം നിര്‍ബന്ധമാക്കിയ മാതൃകയിലാണ് മറ്റു മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുന്നത്.

മാനവ വിഭവ ശേഷി അതോറിറ്റി, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുതലായവയുടെ സഹകരണത്തോടെയാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇത് പ്രകാരം ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, ഫാര്‍മസിസ്റ്റുകള്‍, അധ്യാപകര്‍ തുടങ്ങിയ ജോലികള്‍ ചെയ്യുന്നവരുടെ താമസാനുമതി പുതുക്കുന്നതിന് കുവൈറ്റിലെ ബന്ധപ്പെട്ട സര്‍ക്കാര്‍ അംഗീകൃത പ്രൊഫഷണല്‍ അസോസിയേഷനുകളുടെ അംഗീകാരം നിര്‍ബന്ധമാക്കും. ഇതിനായി ബന്ധപ്പെട്ട അസോസിയേഷനുകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണ്. അടുത്ത ഘട്ടത്തില്‍ വിദേശികളായ മുഴുവന്‍ ബിരുദധാരികള്‍ക്കും നിയമം ബാധകമാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് തങ്ങളുടെ താമസരേഖ പുതുക്കുന്നതിനു കുവൈറ്റ് എഞ്ചിനീയറിംഗ് സൊസൈറ്റിയുടെ അംഗീകാരം ഈയിടെ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ നീക്കം. എന്നാല്‍ ഇന്ത്യയിലെ മിക്ക എഞ്ചിനീയറിങ് കോളേജുകള്‍ക്കും കുവൈറ്റ് എഞ്ചിനീയറിങ് സൊസൈറ്റി അംഗീകാരം നല്‍കിയിട്ടില്ല. ഇതു കാരണം മലയാളികള്‍ അടക്കമുള്ള നിരവധി പേരാണു വിസ പുതുക്കാനോ ജോലിയില്‍ തുടരുവാനോ സാധിക്കാതെ കഴിയുന്നത്.

ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടയിലാണ് നിയമം മറ്റു മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button